‘നെയ്യിനേക്കാൾ വിലയേറിയതാണ് മത്സ്യ എണ്ണ’; തിരുപ്പതി ലഡ്ഡു വിവാദത്തിൽ വിശദീകരണവുമായി കമ്പനി
ആരോപണങ്ങൾ അസംബന്ധമെന്ന് തമിഴ്നാട് ആസ്ഥാനമായുള്ള കമ്പനി
ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിൽ ലഡ്ഡു നിർമിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മായമുണ്ടെന്ന ആരോപണങ്ങൾ തള്ളി വിതരണ കമ്പനി. തമിഴ്നാട് ദിണ്ഡിഗൽ ആസ്ഥാനമായുള്ള എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് വിതരണം ചെയ്ത നെയ്യിനെതിരെയാണ് ആരോപണം ഉയർന്നത്. കമ്പനിക്കെതിരായ ആരോപണങ്ങൾ അസംബന്ധമാണെന്ന് കമ്പനിയുടെ ക്വാളിറ്റി കൺട്രോൾ ഓഫിസർ കണ്ണൻ പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്വം അധികൃതർ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ വിശദീകരണം വരുന്നത്.
മത്സ്യ എണ്ണക്ക് നെയ്യിനേക്കാൾ വില കൂടുതലാണെന്ന് കണ്ണൻ വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ മായം ചേർത്താൽ അത് മണം കൊണ്ടുതന്നെ മനസ്സിലാക്കാൻ സാധിക്കും. സസ്യ എണ്ണ മുതൽ മൃഗങ്ങളുടെ കൊഴുപ്പ് വരെ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങൾ ഞങ്ങളുടെ ബിസിനസിനെ വലിയരീതിയിൽ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1998 മുതൽ കമ്പനി നെയ്യ് ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിനായി ഉപയോഗിക്കുന്ന പാലിൽ 102 ഗുണനിലവാര പരിശോധനകളാണ് നടത്തുന്നത്. തിരുപ്പതിയിലേക്ക് അയക്കും മുമ്പ് ദേശീയ തലത്തിലുള്ള ലബോറട്ടറികളിൽ നെയ്യിന്റെ സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. തുടർന്ന് തിരുപ്പതി ദേവസ്വം അധികാരികളും ഇത് പരിശോധിക്കും. ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ആരോപണം വരുന്നതെന്നും കണ്ണൻ പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയാൽ അവ ഉടനടി ഒഴിവാക്കാറുണ്ട്. തിരുപ്പതി ദേവസ്വം അധികൃതർ കമ്പനിയിൽ വന്ന് പരിശോധിച്ചശേഷമാണ് നെയ്യ് വിതരണം ചെയ്യാൻ അനുമതി നൽകിയത്. ദേവസ്വത്തിന് ആവശ്യം വരുന്ന നെയ്യിന്റെ കുറഞ്ഞ ശതമാനം മാത്രമാണ് ഞങ്ങൾ നൽകുന്നത്. തിരുപ്പതിയിലേക്ക് നെയ്യ് നൽകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. അത് ഞങ്ങൾക്കൊരു ബിസിനസ് മാത്രമല്ല, അതൊരു അനുഗ്രഹവും ബഹുമതിയുമാണെന്നും കണ്ണൻ കൂട്ടിച്ചേർത്തു.
തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡ്ഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, ഇതിന് മുറപടിയുമായി ജഗൻ മോഹൻ റെഡ്ഡിയും രംഗത്തുവന്നതോടെയാണ് വിവാദം ചൂടുപിടിച്ചു. ലാബ് റിപ്പോര്‍ട്ട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ റെഡ്ഡി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അദ്ദേഹത്തിൻന്റെ ടിഡിപിയും രാഷ്ട്രീയത്തിനായി വിശ്വാസത്തെ ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ടിഡിപി പങ്കുവെച്ച ലബോറട്ടറി റിപ്പോർട്ടുകൾ നായിഡുവിന്റെ കാലത്ത് മുതലുള്ളതാണെന്ന് റെഡ്ഡി അവകാശപ്പെട്ടു. ചന്ദ്രബാബു നായിഡു എങ്ങനെയാണ് വസ്തുതകൾ വളച്ചൊടിച്ചതെന്നും എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടതെന്നും വിശദീകരിച്ച് പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തെഴുതുമെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങൾക്കിടെ കേന്ദ്ര സർക്കാറും ചന്ദ്രബാബു നായിഡുവിൽനിന്ന് വിശദീകരണം തേടിയിരുന്നു.
സംഭവത്തിൽ തിരുപ്പതി ദേവസ്വം അധികൃതരും വിശദീകരണവുമായി രംഗത്തുവന്നിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ നെയ്യ് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് ദേവസ്വം ഓഫീസർ ജെ. ശ്യാമള റാവു പറഞ്ഞു. എആർ ഡയറി വിതരണം ചെയ്ത 10 ടാങ്കറുകളിൽ നാലെണ്ണത്തിലാണ് മായം കണ്ടെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, വിവാദമായ നെയ്യ് ലഡ്ഡു തയാറാക്കാൻ ഉപയോഗിച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. മായം കലർന്നുവെന്ന് പറയുന്ന നെയ്യ് ജൂലൈ ആറ്, 12 തീയതികളിലാണ് തിരുപ്പതിയിൽ എത്തുന്നത്. പരിശോധനയിൽ മായം കണ്ടെത്തിയതിനാൽ ഇത് ഉപയോഗിച്ചില്ലെന്ന് ശ്യാമള റാവു ‘ദെ വയറി’നോട് പറഞ്ഞു.
ജൂൺ 12നാണ് ആന്ധ്ര പ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭരണത്തിലേറുന്നത്. അതിനുശേഷമാണ് മായം കലർന്ന നെയ്യ് വന്നതെന്ന് ദേവസ്വം അധികൃതർ തന്നെ വിശദീകരിക്കുന്നുണ്ട്. തിരുമല തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്യുന്ന ലഡ്ഡുവിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും സാധാരണ രീതിയിൽ നിർമിക്കുന്ന അതേ ഗുണനിലവാരത്തിൽ തന്നെയാണ് ഇപ്പോഴും ലഡ്ഡു നിർമിക്കുന്നതെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി.