ബിജെപി നുണ പ്രചരിപ്പിക്കുന്നു, രാജ്യത്തിന്റെ മൂല്യങ്ങൾക്കായി ഇനി‌യും ശബ്​ദമുയർത്തും; സിഖ് പരാമർശത്തിൽ പ്രതിരോധം തീർത്ത് രാഹുൽ ​ഗാന്ധി

എല്ലാവർക്കും അവരുടെ സംസ്കാരം പ്രധാനമാണെന്നും രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും പ്രതിപക്ഷ നേതാവ്

Update: 2024-09-21 16:28 GMT
Advertising

 ന്യൂഡൽഹി: യു.എസ് സന്ദർശനത്തിനിടെ നടത്തിയ സിഖ് പരാമർശത്തിന്റെ പേരിൽ ബി.ജെ.പി നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. താൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമമെന്നും അവർ നുണകൾ പ്രചരിപ്പിക്കുകയാണെന്നും രാഹുൽ തന്റെ എക്സിൽ എഴുതിയ പോസ്റ്റിൽ ആരോപിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സിഖ് സഹോദരങ്ങളോടും എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ? എല്ലാ സിഖുകാർക്കും അവരുടെ മതം ഭയമില്ലാതെ സ്വതന്ത്രമായി ആചരിക്കാൻ കഴിയുന്ന രാജ്യമാകണ്ടേ ഇന്ത്യ?.

ഇത്തരം ചോദ്യങ്ങൾക്കൊപ്പം സെപ്റ്റംബർ 10ന് യുഎസിൽ നടത്തിയ പ്രസം​ഗത്തിന്റെ ഒരു ഭാ​ഗവും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. ഭരണകക്ഷി തന്നെ നിശബ്ദനാക്കാൻ ശ്രമിക്കുകയാണെന്നും സത്യങ്ങളെയും വസ്തുതയേയും അഭിമുഖീകരിക്കാൻ അവർ ഭയക്കുന്നതിന്റെ ഭാ​ഗമാണതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ നിർവചിക്കുന്ന മൂല്യങ്ങൾക്കായി ഞാൻ എപ്പോഴും ശബ്ദമുയർത്തും. രാജ്യത്തിന്റെ ഐക്യം, സമത്വം, സ്നേഹം എന്നിവക്കു വേണ്ടി നിലക്കൊള്ളും. രാഹുൽ കൂട്ടിച്ചേർത്തു.

നിങ്ങൾ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിങ്ങനെയുള്ള വിവധ സ്ഥലങ്ങളിൽ നിന്നുള്ളവരാകാം. നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ ചരിത്രവും പാരമ്പര്യവും ഭാഷയും ഉണ്ട്, ഓരോരുത്തർക്കും മറ്റേതൊരു കാര്യത്തെയും പോലെ പ്രധാനമാണ് അതെല്ലാം. പക്ഷെ തർക്കമുള്ളത് നമുക്ക് ലഭിക്കാൻ പോകുന്നത് ഏത് തരത്തിലുളള ഇന്ത്യയാണ് എന്നതിൽ മാത്രമാണ്. രാഹുൽ പറഞ്ഞു. 

കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് സിഖ് പരാമർശത്തിൽ ഗാന്ധിക്കെതിരെ ആദ്യം രം​ഗത്തുവന്നത്. രാഹുലിന്റെ പരാമർശങ്ങൾ പാപമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇന്ത്യയിലെ സിഖുകാരെ കുറിച്ചുള്ള രാഹുലിന്റെ പരാമർശം വസ്തുതാ വിരുദ്ധമാണെന്നും ആരോപിച്ചു. രാ​ഹുലിന്റെ പ്രസ്താവനകൾ രാജ്യത്തിൻ്റെ സാമൂഹിക ഘടനയെ തകർക്കുമെന്നും പുരി പറഞ്ഞു. രാഹുലിന്റെ പരാമർശങ്ങൾ അപകടകരമാണെന്നും ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ തകർക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. നമ്മുടെ സംസ്കാരം സംരക്ഷിക്കുന്നതിൽ സിഖുകാർ വഹിച്ച മഹത്തായ പങ്കിനെ രാജ്യം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നായും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ സിഖ് വിഭാഗക്കാർക്ക് സ്വതന്ത്രമായി തങ്ങളുടെ മതപരമായ കാര്യങ്ങൾ ചെയ്യാനാവുന്നില്ലെന്നായിരുന്നു അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞത്.

സിഖുകാരനായ വ്യക്തിക്ക് രാജ്യത്ത് ടർബൻ ധരിക്കാൻ സ്വാതന്ത്ര്യമുണ്ടോ? ഗുരുദ്വാരയിൽ പോകാൻ അനുവാദമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച അദ്ദേഹം സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. യുഎസിലെ വിർജീനിയയിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് സിഖുകാരെ ഉദ്ധരിച്ച് രാഹുൽ സംസാരിച്ചത്.

ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി ബിജെപി രം​ഗത്തുവന്നത്. രാഹുൽ ​ഗാന്ധിക്കെതിരെ വധഭീഷണിയടക്കം നേതാക്കൾ ഉയർത്തിയിരുന്നു. അതിന് കേന്ദ്രമന്ത്രിയടക്കമുളള ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ബി.ജെ.പി നേതാക്കളുടെ പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. രാഹുൽ പരാമർശം പിൻവലിക്കണമെന്നാണ് ബി.ജെ.പി അനുകൂല സിഖ് സംഘടനകളുടെ ആവശ്യം. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News