പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു യുക്രൈന്‍ പ്രസിഡന്‍റിനോടു ഫോണില്‍ സംസാരിക്കും

രാവിലെയായിരിക്കും ഫോണ്‍ സംഭാഷണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2022-03-07 04:42 GMT
Editor : Jaisy Thomas | By : Web Desk
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്കിയുമായി ഫോണിൽ സംസാരിക്കും. രാവിലെയായിരിക്കും ഫോണ്‍ സംഭാഷണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സുമിയിലുള്ള വിദ്യാർഥികളെ പോൾട്ടാവ വഴി പടിഞ്ഞാറൻ അതിർത്തിയിലെത്തിക്കാനാണ് ഇന്ത്യൻ എംബസിയുടെ ശ്രമം. ഇതിനായി വിദ്യാർഥികളോട് സജ്ജമായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ന് 1500 വിദ്യാർഥികളെ നാട്ടിലെത്തിക്കും.

കഴിഞ്ഞ ആഴ്ചയും മോദി സെലെന്‍സ്കിയെ ഫോണില്‍ വിളിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ യുക്രൈൻ പ്രസിഡന്‍റ് രാഷ്ട്രീയ പിന്തുണ തേടുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിൽ ഇന്ത്യ ഭാഗമാകുമെന്നും മോദി സെലൻസ്‌കിയെ അറിയിച്ചു. യുക്രൈനിൽ വലിയ തോതിൽ അക്രമകാരികൾ പ്രവേശിച്ചിട്ടുണ്ടെന്ന് സെലൻസ്‌കി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി മോദി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് യുക്രൈനിലെ ഇന്ത്യാക്കാരെ ഒഴിപ്പിക്കാന്‍ റഷ്യ തയ്യാറായത്. ഒരാഴ്ചക്കിടെ രണ്ടുതവണയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്. യുക്രൈൻ രക്ഷാ ദൗത്യം വിജയകരമായിരുന്നുവെന്നും മറ്റുരാജ്യങ്ങൾക്ക് സാധിക്കാത്തത് നാം നടത്തിയെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News