അടിയന്തരാവസ്ഥയിൽ ഒളിവിൽ കഴിഞ്ഞത് സിഖ് വേഷത്തിൽ: മോദി
"ഒരു ദിവസം ഏതെങ്കിലും ഗുരുദ്വാരയിലേക്കാകാം മടങ്ങിപ്പോകുന്നത്."
ന്യൂഡൽഹി: അടിയന്തരാവസ്ഥക്കാലത്ത് സിഖ് വേഷത്തിൽ ഒളിവിൽ കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഖ് നേതാക്കളുമായി ഡൽഹിയിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സിഖ് നേതാക്കളുമായുള്ള മോദിയുടെ കൂടിക്കാഴ്ച.
'അടിയന്തരാവസ്ഥക്കാലത്ത് പഞ്ചാബിൽ സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു. മിക്ക സമയത്തും സിഖ് പഗോഡ ധരിച്ച് ഒളിവിലായിരുന്നു ഞാൻ. ഈ രാജ്യം 1947ൽ അല്ല ജനിച്ചത്... സിഖ് ഗുരുക്കന്മാർ രാജ്യത്തിന് ചെയ്ത സമർപ്പണത്തെ കുറിച്ച് എല്ലാവർക്കും അറിയാം' - മോദി പറഞ്ഞു.
കർതാപൂർ ഇടനാഴി വിശ്വാസികൾക്ക് തുറന്നു കൊടുത്തതും അഫ്ഗാനിസ്ഥാനിൽ നിന്ന് 'ഗുരു ഗ്രാന്ത് സാഹിബ്' ഇന്ത്യയിലെത്തിച്ചതും തന്റെ സർക്കാറിന്റെ നേട്ടങ്ങളായി മോദി എടുത്തു പറഞ്ഞു.
'ഈ വീട് നിങ്ങളുടേതാണ്. ഇവിടെ താൽക്കാലിക താമസക്കാരൻ മാത്രമാണ് ഞാൻ. മൈലുകൾ താണ്ടിയാണ് ഇവിടെയെത്തിയത്. ഒരു ദിവസം ഏതെങ്കിലും ഗുരുദ്വാരയിലേക്കാകാം മടങ്ങിപ്പോകുന്നത്.' - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പഞ്ചാബി അടിക്കുറിപ്പോടെ മോദി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
അതിനിടെ, നാളെ പഞ്ചാബ് ബൂത്തിലെത്തും. 117 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനാണ് കഴിഞ്ഞ ദിവസം പഞ്ചാബിൽ തിരശ്ശീല വീണത്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, സുഖ്‌ദേവ് സിങ് ധിൻസയുടെ നേതൃത്വത്തിലുള്ള അകാലിദൾ വിഭാഗം എന്നിവയുമായി ചേർന്നാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.