നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; 25,000 കോടിയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടും

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലെ പോര് രൂക്ഷമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

Update: 2022-11-11 10:09 GMT
Advertising

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം കൊണ്ട് നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരത്തോണ്‍ സന്ദര്‍ശനം നടത്തുകയാണ്. ബി.ജെ.പിയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകളും തമ്മിലുള്ള പോര് കടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 25,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും.

"അടുത്ത രണ്ടു ദിവസങ്ങളിൽ ഇന്ത്യയുടെ വളർച്ചാ പാത ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് വൈവിധ്യമാർന്ന പരിപാടികളിൽ പങ്കെടുക്കാൻ ഞാൻ ദക്ഷിണേന്ത്യയിലെത്തുകയാണ്. കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ നാലു സംസ്ഥാനങ്ങളിലെത്തും"- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലെ പോര് രൂക്ഷമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്ന പ്രത്യേകതയുണ്ട്. കർണാടകയിലാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രമാണ് ശേഷിക്കുന്നത്. രാജ്യത്തിന്‍റെ വളർച്ച ശക്തിപ്പെടുത്തുകയാണ് തന്‍റെ സന്ദർശന ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിനായ ചെന്നൈ-മൈസൂർ വന്ദേഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിലെ വിദാൻ സൗധയില്‍ കവി കനകദാസിന്റെയും മഹർഷി വാല്മീകിയുടെയും പ്രതിമകളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിൽ കെംപഗൗഡയുടെ 108 അടി വെങ്കല പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു.

ഇന്ന് ഉച്ച കഴിഞ്ഞ് തമിഴ്നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് 10,500 കോടി രൂപയുടെ പദ്ധതികള്‍ക്ക് നാളെ തറക്കല്ലിടും. തെലങ്കാനയിലെ രാമഗുണ്ടത്ത് 9,500 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News