മണിപ്പൂരിൽ പൊലീസ് ഔട്ട്പോസ്റ്റിന് തീവച്ച് അക്രമികൾ; നിരവധി വീടുകളും അ​ഗ്നിക്കിരയാക്കി

ജിരിബാം ജില്ലയിൽ താമസിക്കുന്നവരുടെ വീടുകളും ജീവനും സംരക്ഷിക്കണമെന്ന് കോൺഗ്രസ് എം.പി സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു.

Update: 2024-06-08 16:26 GMT
Advertising

ഇംഫാൽ: ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും കലാപം വ്യാപിക്കുന്നു. ജിരിബാം ജില്ലയിൽ സായുധസംഘം പൊലീസ് ഔട്ട്‌പോസ്റ്റ് കത്തിക്കുകയും നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ 12.30ഓടെ ചോട്ടോബെക്ര മേഖലയിലെ ജിരി പൊലീസ് ഔട്ട്‌പോസ്റ്റാണ് അക്രമികൾ കത്തിച്ചത്.

സംഘം തോക്കുകൾ കൈവശം വച്ചിരുന്നതായും മണിപ്പൂരിലെ കുന്നിൻ പ്രദേശങ്ങളിൽ നിന്നാവാം ഇവർ എത്തിയതെന്നുമാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. തലസ്ഥാന നഗരമായ ഇംഫാലിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള മൊധുപൂർ പ്രദേശത്തെ ലാംതായ് ഖുനൂവിൽ ഇവർ രാത്രി സമയം ഒന്നിലധികം ആക്രമണങ്ങൾ നടത്തിയതായും അധികൃതർ പറയുന്നു.

ജില്ലയുടെ പ്രാന്തപ്രദേശങ്ങളിലെ നിരവധി വീടുകൾ അ​ഗ്നിക്കിരയായെങ്കിലും കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ജിരിബാമിലെ ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു. സായുധ സംഘത്തെ നേരിടാൻ മണിപ്പൂർ പൊലീസിൻ്റെ കമാൻഡോ സംഘത്തെ ശനിയാഴ്ച രാവിലെ ജിരിബാമിൽ വിന്യസിച്ചതായി പൊലീസ് അറിയിച്ചു.

അതേസമയം, ജിരിബാം ജില്ലയിൽ താമസിക്കുന്നവരുടെ വീടുകളും ജീവനും സംരക്ഷിക്കണമെന്ന് കോൺഗ്രസ് എം.പി അംഗോംച ബിമോൾ അകോയിജം സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു. ജിരിബാം മേഖലയിൽ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളെ തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം 239 പേരെ ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ജിരിയിലെ ഒരു സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് ആളുകൾ ഇപ്പോൾ കഴിയുന്നത്. കഴിഞ്ഞദിവസം സൈനികരുടെ വെടിയേറ്റ് മെയ്തെയ് വിഭാ​ഗക്കാരനായ ഒരാൾ മരിച്ചതിനെ തുടർന്നാണ് ജിരിബാം മേഖലയിൽ കലാപം പൊട്ടിപ്പെട്ടത്.

രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ 59കാരനായ ശരത്കുമാർ സിങ്ങിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ജിരിബാമിൽ ജില്ലാ ഭരണകൂടം അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

2023 മെയ് മുതൽ രൂക്ഷമായ മണിപ്പൂരിലെ കലാപം, മെയ്‌തെയും മുസ്‍ലിംകളും ഉൾപ്പെടെ വിവിധ വിഭാഗത്തിൽപ്പെവർ താമസിക്കുന്ന ജിരിബാമിനെ ഇതുവരെ ബാധിച്ചിരുന്നില്ല. സംസ്ഥാനത്ത് മെയ്തികളും കുക്കികളും തമ്മിലുള്ള വംശീയ അക്രമത്തിൽ ഇതുവരെ 200 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News