അവിവാഹിതരായ ദമ്പതികൾക്ക് ഇനി മുറിയെടുക്കാൻ സാധിക്കില്ല; നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി ഓയോ

ഉത്തർപ്രദേശിലെ മീററ്റിൽ ഈ വർഷം മുതൽ പ്രാബല്യത്തിൽ വരും. പിന്നാലെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും

Update: 2025-01-05 09:33 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ന്യൂ ഡൽഹി: ചെക്ക് ഇൻ നയങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി പ്രമുഖ ട്രാവൽ, ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. ഇതുപ്രകാരം അവിവാഹിതരായ ദമ്പതികൾക്ക് മുറിയെടുക്കാൻ ഇനി സാധിക്കില്ലെന്ന തരത്തിൽ നിയമങ്ങൾ പരിഷ്‌കരിക്കും. ഉത്തർപ്രദേശിലെ മീററ്റിൽ ഈ വർഷം മുതൽ പ്രാബല്യത്തിൽ വരും. പിന്നാലെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അവിവാഹിതരായ ദമ്പതികൾക്ക് ഇനി ചെക്ക്-ഇൻ ചെയ്യാൻ അനുവാദം ലഭിക്കില്ല. ഓൺലൈൻ റിസർവേഷൻ വഴി ഉൾപ്പെടെ ചെക്ക് ഇൻ ചെയ്യുന്ന ദമ്പതികൾ വിവാഹം തെളിയിക്കുന്ന സാധുവായ തെളിവ് നൽകേണ്ടി വരും. അല്ലെങ്കിൽ ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന മറ്റ് രേഖകളും നൽകേണ്ടതുണ്ട്.

ഉത്തർപ്രദേശിലെ മീററ്റിലാണ് പുതിയ ഒയോ നയം ആദ്യം അവതരിപ്പിക്കുക. പുതിയ നയം ഉടനടി നടപ്പാക്കാൻ നഗരത്തിലെ പങ്കാളി ഹോട്ടലുകൾക്ക് പ്ലാറ്റ്‌ഫോം നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് അടുത്ത സ്രോതസുകൾ വ്യക്തമാക്കി. അവിവാഹിതരായ ദമ്പതികൾ മുറിയെടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് വിവിധ നഗരങ്ങളിലെ നിരവധി സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ഒയോക്ക് അഭ്യർത്ഥനകൾ അയച്ചിരുന്നു.

എന്നാൽ സാമൂഹികാവസ്ഥ കണക്കിലെടുത്ത് ബുക്കിങ്ങുകൾ സ്വീകരിക്കാനോ നിരസിക്കാനോ പങ്കാളി ഹോട്ടലുകൾക്ക് വിവേചനാധികാരം നൽകിയിട്ടുണ്ടെന്ന് ഓയോ വിശദീകരിച്ചു. കുടുംബങ്ങളോടൊപ്പവും ഒറ്റക്കും യാത്ര ചെയ്യുന്ന എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം വാഗ്ദാനം ചെയ്യാൻ കഴിവുള്ള ബ്രാൻഡായി മാറുക എന്നതാണ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടി." സുരക്ഷിതവും ഉത്തരവാദിത്വത്തോടെയുമുള്ള ആതിഥ്യമര്യാദകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഓയോ പ്രതിജ്ഞാബദ്ധമാണ്. അതിനൊപ്പം വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുമുണ്ട്. എന്നിരുന്നാലും തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ വിപണികളിലെ നിയമപാലകരേയും ജനകീയ കൂട്ടായ്മകളേയും കേള്‍ക്കേണ്ട ഉത്തരാദിത്വവും തിരിച്ചറിയുന്നുണ്ട്," ഈ നയമാറ്റവും അതിന്റെ അനന്തര ഫലങ്ങളും തങ്ങള്‍ വിശകലനം ചെയ്യുമെന്നും ഓയോ നോര്‍ത്ത് ഇന്ത്യ റീജ്യന്‍ ഹെഡ് പവസ് ശര്‍മ പറഞ്ഞു. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News