ബാബ സിദ്ദീഖി വധം: ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പൊലീസ്
നാലംഗ സംഘമാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.
മുംബൈ: എൻസിപി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിൽ ഒളിവിലുള്ള രണ്ടു പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പൊലീസ്. ശിവകുമാർ ഗൗതം, മുഹമ്മദ് സീഷാൻ അക്തർ എന്നിവരെയാണ് തിരയുന്നത്. ഇവരും നിലവിൽ പിടിയിലായ ഗുർമായിൽ സിങ്ങും ധർമരാജ് കശ്യപുമടങ്ങുന്ന നാലംഗ സംഘമാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.
ശിവകുമാർ ഗൗതം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തപ്പോൾ സീഷാൻ മുഖാന്തരമാണ് കൊലപാതകത്തിനുള്ള നിർദേശം ലഭിച്ചത്. ലോറൻസ് ബിഷ്ണോയി ഗുണ്ടാ സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ബോളിവുഡ് നടൻ സൽമാൻ ഖാനും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ളതാണ് സിദ്ദീഖിനെ കൊല്ലാൻ കാരണമെന്ന് ലോറൻസ് ബിഷ്ണോയി സംഘം വ്യക്തമാക്കിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗത്തെ ഹരിയാന ജയിലില്‍ വച്ച് പ്രതികൾ കണ്ടിരുന്നതായി മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു.
ഇവര്‍ വിവിധ കേസുകളിലായി ജയിലില്‍ കഴിഞ്ഞപ്പോഴായിരുന്നു കൂടിക്കാഴ്ച. അതേസമയം, മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം പ്രചാരണ ആയുധമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. മഹാരാഷ്ട്രയിൽ ക്രമസമാധാനനില തകർന്നുവെന്നും ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിവയ്ക്കണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു.