നുപൂർ ശർമക്കെതിരെ നടപടികൾ ശക്തമാക്കി വിവിധ സംസ്ഥാനങ്ങളിലെ പോലീസ്
നാല് സംസ്ഥാനങ്ങളിലായി ഒമ്പത് എഫ്ഐആറുകളാണ് നൂപുർ ശർമക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയ്ക്കെതിരെ നടപടികൾ ശക്തമാക്കി വിവിധ സംസ്ഥാനങ്ങളിലെ പോലീസ്. ഡൽഹി പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നൂപുർ ശർമയ്ക്ക് നോട്ടീസ് നൽകി. പശ്ചിമ ബംഗാൾ പോലീസും നടപടികൾ ആരംഭിച്ചു. നാല് സംസ്ഥാനങ്ങളിലായി ഒമ്പത് എഫ്ഐആറുകളാണ് നൂപുർ ശർമക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സുപ്രീംകോടതി നൂപുർ ശർമയ്ക്കെതിരായ പരാമർശം നടത്തിയതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളിലെ പോലീസും പ്രവാചക നിന്ദ കേസിൽ നൂപുർ ശർമയ്ക്ക് എതിരെ നടപടികൾ ശക്തമാക്കിയത്. ഡൽഹിയിൽ ഒരു കേസും മഹാരാഷ്ട്രയിൽ അഞ്ച് കേസും പശ്ചിമ ബംഗാളിൽ രണ്ട് കേസും തെലങ്കാനയിൽ ഒരു കേസും നൂപുർ ശർമയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വീണ്ടും നൂപുർ ശർമയെ ചോദ്യം ചെയ്യാനാണ് ഡൽഹി പോലീസ് നീക്കം. ജൂൺ 18ന് നോട്ടീസ് ലഭിച്ചത് അനുസരിച്ച് നൂപുർ ശർമ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
പശ്ചിമ ബംഗാൾ പോലീസും ഉടൻ തന്നെ നൂപുർ ശർമയോട് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെട്ടേക്കും. ആസാം, കർണാടക, ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ എഫ്ഐആറുകൾ ഉണ്ടെങ്കിലും പരാതിക്കാരുടെ പേര് വിവരങ്ങൾ അറിയില്ലെന്ന് നൂപുർ ശർമ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. അതേസമയം അവധിക്കാല ബെഞ്ചിൽ നിന്നും പിൻവലിച്ച ഹർജി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ സമർപ്പിക്കാൻ ആണ് നൂപുർ ശർമ ശ്രമിക്കുന്നത്.