ദാരിദ്ര്യം: യു.പിയിൽ 3 മാസം പ്രായമായ കുഞ്ഞിനെ മാതാവ് അരലക്ഷം രൂപക്ക് വിറ്റു
സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ തന്നെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടിയെ കണ്ടെത്തി
ഉത്തർ പ്രദേശിലെ ഗോരഖ്പൂരിൽ തന്റെ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മാതാവ് അരലക്ഷം രൂപക്ക് വിറ്റു. സംഭവം മറച്ചുവെക്കാനായി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി ഇവർ വ്യാജ കഥ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ തന്നെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടിയെ കണ്ടെത്തി. ആക്രി സാധനങ്ങൾ വിൽക്കലാണ് കുട്ടിയുടെ പിതാവിന്റെ തൊഴിൽ. കടുത്ത ദാരിദ്ര്യം മൂലമാണ് കുട്ടിയെ മാതാവ് വിറ്റതെന്ന് പൊലീസ് പറയുന്നു.
കുട്ടിയുടെ മാതാവിനെയും കുട്ടിയെ വാങ്ങിയ സ്ത്രീയെയും കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഗോരഖ്‌നാഥ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇലാഹിബാഗിൽ താമസിക്കുന്ന സൽമ ഖാത്തൂൻ തന്റെ മകനെ കാറിലെത്തിയ സ്ത്രീ റസൂൽപൂർ ഭാഗത്ത് വെച്ച് തട്ടിക്കൊണ്ടുപോയെന്ന് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതി ലഭിച്ചതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംഭവത്തെ കുറിച്ച് മാതാവിന്റെ വിശദീകരണങ്ങൾ പരസ്പര വിരുദ്ധമായതോടെ പൊലീസിന് സംശയം തോന്നുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയുമായിരുന്നു. സൽമ കുട്ടിയെ മറ്റൊരു സ്ത്രീക്ക് കൈമാറുന്നത് ദൃശ്യങ്ങളിൽ വ്യക്തായതോടെ, ഈ സ്ത്രീക്കായി തെരച്ചിൽ നടത്തുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.