''കോണ്‍ഗ്രസുകാര്‍ രാജ്യദ്രോഹികള്‍; മൃഗങ്ങളിലും തരംതാണവര്‍''- പ്രഗ്യാ സിങ് ഠാക്കൂര്‍
കോവിഡ് രൂക്ഷമായ സമയത്ത് എംപിയെ മണ്ഡലത്തില്‍ കാണുന്നില്ലെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിച്ചിരുന്നു.
തന്നെ കാണാനില്ലെന്ന് പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ രാജ്യദ്രോഹികളാണെന്നും അത്തരക്കാര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍. ദസറ ആഘോഷത്തിനിടെ നടന്ന സമ്മേളനത്തിലായിരുന്നു ഭോപാല്‍ എംപിയുടെ വിവാദ പരാമര്‍ശം. ഭോപാല്‍ സൗത്ത് കോണ്‍ഗ്രസ് എംഎല്‍എ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി.
കോവിഡ് രൂക്ഷമായ സമയത്ത് എംപിയെ മണ്ഡലത്തില്‍ കാണുന്നില്ലെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിച്ചത്. ഇതിനെതിരെയാണ് ഭോപാല്‍ എംപി കൂടിയായ പ്രഗ്യാ സിങ്ങിന്‍റെ പരാമര്‍ശം.
''മൃഗങ്ങള്‍ക്കും വികാരങ്ങളുണ്ട്. അവയുടെ കുട്ടികള്‍ മരണപ്പെട്ടാലോ അസുഖം വന്നാലോ അവ കരയും. കോണ്‍ഗ്രസുകാര്‍ മൃഗങ്ങളേക്കാള്‍ മോശമാണ്. താന്‍ രോഗിയാണെന്ന് പോലും അവര്‍ പരിഗണിച്ചില്ല. ഇത്തരത്തിലുള്ളവര്‍ എംഎല്‍എമാരായതില്‍ ലജ്ജിക്കുന്നു.'' കോണ്‍ഗ്രസ് എംഎല്‍എ ശര്‍മയെ ഉന്നം വെച്ച് പ്രഗ്യാ സിങ് പറഞ്ഞു.
ഹിന്ദുക്കളെ ദേശസ്‌നേഹികള്‍ എന്നു വിശേഷിപ്പിച്ച പ്രഗ്യാ സിങ്, ഹിന്ദുക്കള്‍ അവരുടെ ശക്തി മനസ്സിലാക്കിയാല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. നര്‍മദാ പരിക്രമണം ഏറ്റെടുക്കുന്നതിലൂടെ ആര്‍ക്കും ഭക്തിയുണ്ടാവില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിനെ പ്രഗ്യാ സിങ് പരിഹസിച്ചു.
ബിജെപി എംപി ഉത്തരവാദിത്വം മറന്നു പോയത് ഓര്‍മിപ്പിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ശര്‍മ പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടുമ്പോള്‍ ഇവരുടെ മുന്‍ഗാമികള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നെന്നും ശര്‍മ പരിഹസിച്ചു.