'ബാബരി മസ്ജിദ് തകർത്ത പോലെ പൊളിക്കണം'; കർണാടകയിൽ പള്ളി പൊളിക്കാൻ ആഹ്വാനം ചെയ്ത് പ്രമോദ് മുത്തലിക്
"ടിപ്പുസുൽത്താന്റെ ഭരണകാലത്താണ് വെങ്കിടേശ്വര ക്ഷേത്രം തകർത്ത് ജാമിഅ മസ്ജിദ് സ്ഥാപിച്ചത്"
ബംഗളൂരു: കർണാടകയിലെ ഗദാഗിൽ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ് ബാബരി മസ്ജിദ് തകർത്ത പോലെ പൊളിച്ചു കളയണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്. പള്ളി പൊളിച്ച സ്ഥലത്ത് വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗദാഗ് ജില്ലയിൽ ഒക്ടോബർ 17ന് നടന്ന സമ്മേളനത്തിലായിരുന്നു മുത്തലികിന്റെ വർഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗം.
'അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ നമ്മൾ 72 വർഷം പൊരുതി. നീണ്ട വർഷങ്ങൾക്ക് ശേഷം അവിടെ രാം മന്ദിർ സ്ഥാപിച്ചു. അതേപോലെ, ഗദാഗിലെ ജാമിഅ മസ്ജിദും തകർക്കണം. സമ്പൂർണ വിശ്വാസത്തോടെ പറയാൻ കഴിയും, അത് ശ്രീവെങ്കിടേശ്വര ക്ഷേത്രമാണ്. പള്ളി തകർക്കണം'- മുത്തലിക് ആവശ്യപ്പെട്ടു.
'ബാബരി മസ്ജിദ് ക്ഷേത്രം തകർത്താണ് നിർമിച്ചത് എന്നതിന് തെളിവുണ്ട്. ടിപ്പുസുൽത്താന്റെ ഭരണകാലത്താണ് വെങ്കിടേശ്വര ക്ഷേത്രം തകർത്ത് ജാമിഅ മസ്ജിദ് സ്ഥാപിച്ചത്' - അദ്ദേഹം അവകാശപ്പെട്ടു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങളെ 'ബോധവൽക്കരിക്കാൻ' വിളിച്ചുകൂടിയ യോഗത്തിലായിരുന്നു മുത്തലികിന്റെ വിദ്വേഷ പ്രസംഗം. 'നിർബന്ധിത മതപരിവർത്തനം' തടയാൻ സർക്കാർ നിയമം കൊണ്ടുവരുമെന്ന് ഈയിടെ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ വ്യക്തമാക്കിയിരുന്നു.
പ്രസംഗത്തിൽ ഇതുവരെ മുത്തലികിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പ്രസംഗത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് എൻ ദ ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചത്.