പ്രവീൺ നെട്ടാരു വധം: പി.എഫ്.ഐക്കാരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ
ജൂലൈ 26നാണ് പുത്തൂർ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാൻ നേരം ബൈക്കുകളിൽ എത്തിയ സംഘം പ്രവീണിനെ കൊലപ്പെടുത്തിയത്.
മംഗളൂരു: യുവമോർച്ച പ്രവർത്തകനായിരുന്ന പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നാല് പ്രവർത്തകരെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമവാസിയായ മുഹമ്മദ് മുസ്തഫ എസ് എന്ന മുസ്തഫ പൈച്ചാർ, കുടക് ജില്ലയിലെ മടിക്കേരി സ്വദേശിയായ തുഫൈൽ എം.എച്ച്, ദക്ഷിണ കന്നഡ ജില്ലക്കാരനായ ഉമറുൽ ഫാറൂഖ് എം.ആർ എന്ന ഉമർ, ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമവാസിയായ അബൂബക്കർ സിദ്ദീഖ് (പെയിൻറർ സിദ്ദീഖ്/ ഗുജ്രി സിദ്ദീഖ്) എന്നിവരുടെ വിവരങ്ങളാണ് എൻ.ഐ.എ ശേഖരിക്കുന്നത്. ഇതിൽ മുഹമ്മദ് മുസ്തഫ, തുഫൈൽ എന്നിവരുടെ വിവരങ്ങൾ കൈമാറുന്നവർക്ക് അഞ്ച് ലക്ഷം വീതവും ഉമറുൽ ഫാറൂഖ്, അബൂബക്കർ സിദ്ദീഖ് എന്നിവരുടെ വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ട് ലക്ഷം വീതവുമാണ് പാരിതോഷികം നൽകുക.
ജൂലൈ 26നാണ് പുത്തൂർ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാൻ നേരം ബൈക്കുകളിൽ എത്തിയ സംഘം പ്രവീണിനെ കൊലപ്പെടുത്തിയത്. പ്രവീൺ കൊല്ലപ്പെട്ട ബെല്ലാരെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് കഴിയുകയായിരുന്ന കാസർകോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. പ്രവീൺ വധിക്കപ്പെട്ട് 48 മണിക്കൂറിനകം സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുഹമ്മദ് ഫാസിലും (23) കൊല്ലപ്പെട്ടിരുന്നു. ഈ രണ്ട് കേസിലും സംഘ്പരിവാർ പ്രവർത്തകരാണ് പ്രതികൾ.