സിക്കിമിൽ ഉയർന്ന പ്രേം സിങ് തമാങ് യുഗം; രാഷ്ട്രീയ ഗുരുവിനെ തോൽപിച്ച് രണ്ടാമൂഴം
സിക്കിമിൽ ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റുകളും നേടിയാണ് എസ്‌കെഎം അധികാരത്തുടര്‍ച്ച നേടിയത്
പി എസ് ഗോലെ എന്ന പ്രേം സിംഗ് തമാങ്ങിന് സിക്കിമിൻ്റെ മുഖ്യമന്ത്രിയായി രണ്ടാമൂഴം. സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നിലംപരിശാക്കിയാണ് പ്രേം സിങിന്റെ പാര്‍ട്ടിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ മുന്നേറ്റം (എസ്.കെ.എം.). സംസ്ഥാനത്ത് ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റുകളും നേടിയാണ് എസ്‌കെഎം അധികാരത്തുടര്‍ച്ച നേടിയത്.
ഒരിക്കൽ പ്രതിപക്ഷ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിലെ അംഗമായിരുന്ന ഗോലെ, തൻ്റെ മുൻ പാർട്ടി മേധാവി പവൻ കുമാർ ചാംലിംഗിനെ 2019-ൽ മുഖ്യമന്ത്രിയായി സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹത്തിൻ്റെ 25 വർഷത്തെ ഭരണമാണ് ഗോലെ അവസാനിപ്പിച്ചത്. അഞ്ചുതവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം സിക്കിമില്‍ അവസാനിപ്പിച്ച് 2019-ലാണ് പ്രേംസിങ് തമാങ് ആദ്യമായി അധികാരത്തിലേറിയത്.
ഗവൺമെൻ്റ് സ്‌കൂൾ അധ്യാപകനായിരുന്ന ഗോലെ ആ ജോലി ഉപേക്ഷിച്ച് തൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവിനെതിരെ മത്സരിച്ചു, അഴിമതി ആരോപണത്തിൽ ജയിലിൽ പോയി.. ഇങ്ങനെ സംഭവബഹുലമായ രാഷ്ട്രീയ യാത്രയായിരുന്നു ഗോലെയുടേത്.
അധ്യാപകനിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്
1968 ഫെബ്രുവരി 5 ന് കാലു സിംഗ് തമാങ്ങിൻ്റെയും ധൻ മായ തമാങ്ങിൻ്റെയും മകനായി ജനിച്ച പ്രേം സിങ് തമാങ് എന്ന പിഎസ് ഗോലെ വെസ്റ്റ് സിക്കിമിലെ സിംഗിൾ ബസ്റ്റി സ്വദേശിയാണ്. 1988-ൽ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലെ ഒരു കോളേജിൽ നിന്ന് ബിരുദം നേടി. 1990ൽ ഒരു സർക്കാർ സ്‌കൂളിൽ അധ്യാപകനായി ജോലിചെയ്തു. മൂന്ന് വർഷത്തെ സേവനത്തിന് ശേഷം, സാമൂഹ്യ സേവനത്തിലേക്ക് മാറാൻ ഗോലെ തീരുമാനിച്ചു. ഒടുവിൽ രാഷ്ട്രീയത്തിലേക്ക്...
1994 ൽ, പവൻ ചാംലിംഗ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാപിച്ചപ്പോൾ, ഗോലെ ഈ സംഘടനയിലെ പ്രധാന അംഗമായിരുന്നു. 1994 മുതൽ തുടർച്ചയായി അഞ്ച് തവണ സിക്കിം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2009 വരെ ചാംലിംഗിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിരവധി വകുപ്പുകൾ വഹിച്ചു.
2009ൽ മന്ത്രിസ്ഥാനം നിഷേധിക്കപ്പെടുകയും പകരം വ്യവസായ വകുപ്പിൻ്റെ ചെയർപേഴ്‌സണായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന് ഗോലെ ചാംലിങ്ങുമായി തെറ്റി. ഗോലെ ഈ സ്ഥാനം സ്വീകരിക്കാൻ വിസമ്മതിക്കുകയും ചാംലിംഗിനെയും എസ്ഡിഎഫിനെയും "സ്വജനപക്ഷപാതവും അഴിമതിയും" ആരോപിച്ച് സ്വന്തം സർക്കാരിനെതിരെ ഒരു മുന്നണി തുറക്കുകയും ചെയ്തു.
2009 ഡിസംബർ 21 ന് റോളു കളിസ്ഥലത്ത് ഒരു വലിയ റാലി സംഘടിപ്പിച്ചു, അവിടെ ഗോലെ എസ് ഡി എഫ് സർക്കാരിനെതിരെ കലാപം പ്രഖ്യാപിച്ചു. 'റോലു പിക്‌നിക്' എന്നറിയപ്പെടുന്ന ഈ പരിപാടിക്കെതിരെ ചാംലിംഗ് സർക്കാർ വലിയ അടിച്ചമർത്തൽ നടത്തി. ചടങ്ങിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. തുടർന്ന്, ഗോലെ എസ്‌ഡിഎഫിൽ നിന്ന് രാജിവെക്കുകയും 2013ൽ സിക്കിം ക്രാന്തികാരി മോർച്ച രൂപീകരിക്കുകയും ചെയ്തു.
2014-ലെ സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ, 32-ൽ 10 സീറ്റും നേടി എസ്‌കെഎം ശക്തമായ പ്രതിപക്ഷമായി സ്വയം നിലയുറപ്പിച്ചു.
അഴിമതിക്കേസ്
1994 മുതൽ 1999 വരെ മൃഗസംരക്ഷണ മന്ത്രിയായിരിക്കെ 10 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതിന് 2016 ൽ ശിക്ഷിക്കപ്പെട്ടത് ഗോലെയ്ക്ക് തിരിച്ചടിയായി. ഒരു വർഷത്തിനുശേഷം, സിക്കിം നിയമസഭയിലെ അദ്ദേഹത്തിൻ്റെ അംഗത്വം അവസാനിപ്പിച്ചു. ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട സിക്കിമിലെ ഏക രാഷ്ട്രീയക്കാരനായി ഗോലെ മാറി. ഈ വിധിയെ അദ്ദേഹം സിക്കിം ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ, കോടതിവിധിയും തിരിച്ചടിയായി.
എന്നാൽ, ഇതിലൂടെ ഗോലെയുടെ ജനപ്രീതി വർധിക്കുകയാണുണ്ടായത്. തൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവിനെതിരെ മത്സരിച്ചതിന് അദ്ദേഹം നൽകിയ വിലയായാണ് ആളുകൾ അദ്ദേഹത്തിൻ്റെ ജയിൽ ശിക്ഷയെ കണ്ടത്. 2018ൽ, ഗോലെ ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ തങ്ങളുടെ നേതാവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഘോഷയാത്ര നടത്തി ആയിരക്കണക്കിന് അനുയായികളാണ് സ്വീകരിക്കാനെത്തിയത്.
ചാംലിംഗ് യുഗത്തിന്റെ അന്ത്യം
2019-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ 32-ൽ 17 സീറ്റും നേടി സിക്കിം ക്രാന്തികാരി മോർച്ചയെ ഗോലെ അതിൻ്റെ കന്നി വിജയത്തിലേക്ക് എത്തിച്ചു. എന്നാൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം (പിഎംഎൽഎ) കേസ് നിലവിലുള്ളതിനാൽ മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനാൽ അദ്ദേഹം സ്വയം തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. എങ്കിലും, 2019 മെയ് 27 ന് ഗോലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ പോക്ലോക്ക്-കമ്രാംഗ് സീറ്റിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു.
2024-ലെ സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോലെയുടെ പാർട്ടി പവൻ കുമാർ ചാംലിംഗിൻ്റെ എസ്ഡിഎഫിനെ പരാജയപ്പെടുത്തി. ഇത്തവണ മത്സരിച്ച രണ്ട് സീറ്റുകളിലും തോൽവി ഏറ്റുവാങ്ങിയത് ചാംലിങ്ങിനു കടുത്ത തിരിച്ചടിയാണ്. ഇതാദ്യമായാണ് ചാംലിംഗ് സംസ്ഥാന നിയമസഭയുടെ ഭാഗമാകാത്തത്.
പോക് ലോക് കമ്രാങ് മണ്ഡലത്തില്‍ 3063 വോട്ടുകള്‍ക്കും നാംചെയ്ബംഗ് മണ്ഡലത്തില്‍ 1935 വോട്ടുകള്‍ക്കുമാണ് എസ്‌കെഎം സ്ഥാനാര്‍ഥികളോട് തോറ്റത്. എസ്ഡിഎഫ് നേതാവും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയയും പരാജയപ്പെട്ടു. 4346 വോട്ടുകള്‍ക്കാണ് ബൈചൂങ് ബൂട്ടിയ എസ്‌കെഎം സ്ഥാനാര്‍ഥി റിക്ഷാല്‍ ഡോര്‍ജി ബൂട്ടിയയോട് പരാജയം ഏറ്റുവാങ്ങിയത്.
സോറെങ് ചകുങ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ പ്രേംസിങ് തമാങ് 7396 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്‌തു.