അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ തുടക്കം; ആവേശത്തിൽ കോൺഗ്രസ് പ്രവർത്തകർ

പതിവ് ചർച്ചകൾക്കും നാടകങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കും എല്ലാം ഒടുവിലാണ് സ്ഥാനാർത്ഥി നിർണയവും തെരഞ്ഞെടുപ്പും നടന്നത്

Update: 2022-10-19 01:03 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും ഉണ്ടാക്കിയത് പുത്തൻ ഉണർവും ആവേശവുമാണ് . സ്ഥാനാർത്ഥികളുടെ പക്ഷം പിടിച്ച് നേതാക്കൾ അഭിപ്രായങ്ങൾ പരസ്യമാക്കിയപ്പോൾ ജനാധിപത്യത്തിന്റെ മനോഹാരിതയെന്നാണ് പ്രവർത്തകർ പറഞ്ഞത്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്തുക കൂടിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. 22 വർഷത്തിന് ശേഷം കോൺഗ്രസിൽ നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പ് പാർട്ടിയിൽ വലിയ മാറ്റങ്ങൾക്ക് വഴി തുറക്കും എന്ന് ഉറപ്പാണ്. പതിവ് ചർച്ചകൾക്കും നാടകങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കും എല്ലാം ഒടുവിലാണ് സ്ഥാനാർത്ഥി നിർണയവും തെരഞ്ഞെടുപ്പും നടന്നത്. എന്നാൽ മാറ്റത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പല ഘട്ടങ്ങളിലും നേതാക്കൾ നൽകി.

ജി 23 നേതാക്കൾ ഔദ്യോഗിക സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകിയത് ഐക്യത്തിന്റെ സൂചനകളാണ് നൽകുന്നത്. മല്ലികാർജുൻ ഖാർഗെയോ ശശി തരൂരോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രമാണുള്ളത്. ആര് വിജയിച്ചാലും വെല്ലുവിളികൾ നിരവധിയാണ്. ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്. തൊട്ടുപിന്നാലെ വരുന്ന രാജസ്ഥാൻ, മധ്യപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. അതിന് ശേഷം 2024 നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഇതൊക്കെ പ്രസിഡന്റിന്റെ മുന്നിലുള്ള കടമ്പകളാണ്. ഇതിനെല്ലാം മുന്നോടിയായി പ്രവർത്തകരിൽ ഊർജ്ജം പകരാൻ അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞെന്നാണ് പ്രവർത്തകർ വിശ്വസിക്കുന്നത്.

പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം അവശേഷിക്കുന്നു. പുതിയ അധ്യക്ഷൻ എത്തുന്നതോടെ പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്കും തുടക്കം കുറിക്കണം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ മാറ്റത്തിന്റെ തുടക്കം എന്നനിലയിലാണ് വിലയിരുത്തുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News