പൊതുസമ്മതനെ കണ്ടെത്താന്‍ പ്രതിപക്ഷം; മമത വിളിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും

എൻ.സി.പി നേതാവ് ശരദ് പവാർ പ്രതിപക്ഷത്തിന്റെ 'പൊതുസമ്മത' സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു

Update: 2022-06-14 11:26 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കോൺഗ്രസ് പങ്കെടുക്കും. രാഷ്ട്രപതി സ്ഥാനാർഥി ചർച്ചകൾക്കായാണ് മമത യോഗം വിളിച്ചത്. ഡൽഹിയിൽ നാളെ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.

മതേതരമുഖമുള്ള പൊതുസമ്മതനായ ഒരു പൊതുസ്ഥാനാർത്ഥിയെ നിർത്താനാണ് പ്രതിപക്ഷത്ത് നീക്കം നടക്കുന്നത്. കോൺഗ്രസ് കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് ചർച്ച ആരംഭിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതാവിനെയാണ് സ്ഥാനാർത്ഥിയായി നിർത്തുന്നതെങ്കിൽ പിന്തുണക്കില്ലെന്ന് തൃണമൂൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്താൻ മമത തീരുമാനിച്ചത്.

നാളെ വൈകീട്ട് മൂന്നു മണിക്ക് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം. മമതയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കോൺഗ്രസ് പങ്കെടുക്കുമെന്നാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല തുടങ്ങിയവരായിരിക്കും കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പേര് പ്രതിപക്ഷ സ്ഥാനാർത്ഥിയായി ഉയർന്നുകേൾക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നാളെ നടന്നേക്കും.

എൻ.സി.പി നേതാവ് ശരദ് പവാർ യോഗത്തിൽ പങ്കെടുക്കാനായി ഇന്നു തന്നെ ഡൽഹിയിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് നിലവിൽ അത്തരത്തിലുള്ള തീരുമാനമില്ലെന്നായിരുന്നു പവാറിന്റെ പ്രതികരണം. അതേസമയം, ചില പേരുകൾ പ്രതിപക്ഷ കൂട്ടായ്മയ്ക്കു മുൻപാകെ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പവാർ പ്രതിപക്ഷത്തിന്റെ 'പൊതുസമ്മത' സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു.

അതേസമയം, പ്രതിപക്ഷ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള നീക്കം ബി.ജെ.പിയിലും പുരോഗമിക്കുകയാണ്. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർക്കാണ് രാഷ്ട്രപതി സ്ഥാനാർത്ഥി ചർച്ചയുമായി ബന്ധപ്പെട്ട ചുമതല നൽകിയിരിക്കുന്നത്. വൈ.എസ്.ആർ അടക്കമുള്ള ചെറുകക്ഷികളുടെ പിന്തുണ തേടുന്നതടക്കമുള്ള കാര്യങ്ങൾക്ക് ഇവർ നേതൃത്വം നൽകും. ഇതിനുശേഷമായിരിക്കും എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.

Summary: Congress to participate in Mamata Banerjee's Opposition meet ahead of presidential polls

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News