കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
നിലവിൽ മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി നിലനിൽക്കുന്നത്. പ്രതിദിന കോവിഡ് ബാധയിൽ മുന്നിൽ കേരളവുമാണ്. നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരികയാണ്. ടി.പി.ആറിലും, റിക്കവറി റേറ്റിലും രാജ്യം ഭേദപ്പെട്ട നിലയിലേക്ക് മാറിയെങ്കിലും ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് കണക്കിലെടുത്താണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.
നേരത്തെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായിരിക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.