റോഡിൽ കുത്തിയിരുന്ന് പ്രിയങ്ക, തൂക്കിയെടുത്ത് പൊലീസ്; കോൺഗ്രസ് പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ

രാഹുൽഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ് തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2022-08-05 08:52 GMT
Editor : abs
Advertising

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കളെ വലിച്ചിഴച്ച് ഡൽഹി പൊലീസ്. പ്രിയങ്കയെ തൂക്കിയെടുത്താണ് പൊലീസ് വാനിലേക്ക് കയറ്റിയത്. പ്രതിഷേധക്കാരെ ചെറുക്കാനായി സ്ഥാപിച്ച ബാരിക്കേഡ് ചാടിക്കടന്ന പ്രിയങ്ക പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സ്ഥലത്ത് കുത്തിയിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കോൺഗ്രസ് നേതാവിനെ ബലം പ്രയോഗിച്ച് വാനിലേക്ക് വലിച്ചിഴച്ചത്.

എഐസിസി ആസ്ഥാനത്ത് പാചകവാതക സിലിണ്ടറുകൾ കെട്ടിവലിച്ചാണ് പ്രിയങ്ക പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ റോഡിലേക്കിറങ്ങി മറ്റു നേതാക്കള്‍ക്കൊപ്പം പ്രതിഷേധത്തിന്റെ ഭാഗമായി. രാഹുൽഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ് തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റും രേഖപ്പെടുത്തി. 

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. കോൺഗ്രസ് പ്രതിഷേധം മുൻകൂട്ടിക്കണ്ട് നേരത്തെ ഡൽഹിയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വിലക്ക് ലംഘിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം.

വിജയ് ചൗക്കിൽ പ്രതിഷേധം ആരംഭിക്കുമ്പോൾ തന്നെ എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനങ്ങളുടെ വിഷയം ഉയർത്തിയാണ് മാർച്ചെന്നും എന്നാൽ ചില എം.പിമാരെ മർദിക്കുകയും അറസ്റ്റ് ചെയ്തു നീക്കുകയുമാണ് പൊലീസ് ചെയ്തതെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. കായികമായി കൈകാര്യം ചെയ്താലും പ്രതിഷേധം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. 

രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എം.പിമാരും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മറ്റ് കോൺഗ്രസ് നേതാക്കളുമാണ് മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ രാജ്ഭവനുകളിലേക്കും മാർച്ച് നടക്കുന്നുണ്ട്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് നേതാക്കൾ പ്രതിഷേധത്തിനെത്തിയത്. 

Tags:    

Writer - abs

contributor

Editor - abs

contributor

Similar News