പ്രിയങ്കയുടെ മക്കളുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തിട്ടില്ല: അന്വേഷണ സംഘം
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉത്തർപ്രദേശ് സർക്കാർ ഹാക്ക് ചെയ്തെന്ന് പ്രിയങ്കയുടെ ആരോപണം
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്തെന്ന ആരോപണം കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്ക ഗാന്ധി ഉന്നയിച്ചത്.
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രിയങ്കയുടെ ആരോപണം. 'യുപി സര്‍ക്കാരിനു വേറെ ജോലിയില്ലേ' എന്നും പ്രിയങ്ക ചോദിച്ചിരുന്നു. പ്രിയങ്ക പരാതി നല്കിയില്ലെങ്കിലും സ്വമേധയാ വിഷയം പരിഗണിച്ച കേന്ദ്ര ഐടി മന്ത്രാലയം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുകയും ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടുകയും ചെയ്യും. പ്രിയങ്കാഗാന്ധി ഇതുവരെയും പരാതി നല്‍കിയിട്ടില്ലെന്നാണ് ഇന്‍സ്റ്റഗ്രാം അറിയിക്കുന്നത്
അതിനിടെ, പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ യു.പി സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നു സമാജ്വാദി പാര്‍ട്ടിയും ആരോപിച്ചിരുന്നു. യോഗി ആദിത്യനാഥ് ഫോണ്‍ ടാപ്പ് ചെയ്ത്, എല്ലാ വൈകുന്നേരവും തന്റെ സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ് കേള്‍ക്കുന്നുണ്ടെന്നായിരുന്നു സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ആരോപണം.