പ്രിയങ്ക 'ട്വിറ്റര്‍ വദ്ര', കോണ്‍ഗ്രസിന് 7 സീറ്റു പോലും നിലനിര്‍ത്താനാകില്ലെന്ന് യു.പി ഉപമുഖ്യമന്ത്രി
മറ്റു പ്രതിപക്ഷ പാര്‍ട്ടികളായ എസ്.പിക്കും ബി.എസ്.പിക്കും 2017 തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു
യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന പ്രിയങ്ക ഗാന്ധി ഒരു വെല്ലുവിളി അല്ലെന്നും കോണ്‍ഗ്രസിന് കയ്യിലുള്ള ഏഴു സീറ്റ് നിലനിര്‍ത്താനായാല്‍ അതു തന്നെ വലിയ നേട്ടമായിരിക്കുമെന്നും യുപി ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കേശവ് പ്രസാദ് മൗര്യ. പ്രിയങ്ക 'ട്വിറ്റര്‍ വദ്ര'യാണെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
2017ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഏഴു സീറ്റെങ്കിലും നിലനിര്‍ത്താനായാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് അതൊരു നേട്ടമായിരിക്കുമെന്നും മൗര്യ പറഞ്ഞു. മറ്റു പ്രതിപക്ഷ പാര്‍ട്ടികളായ എസ്.പിക്കും ബി.എസ്.പിക്കും 2017 തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയെയും അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെയും 'വോട്ട് കവര്‍ച്ചക്കാര്‍' എന്നു വിശേഷിപ്പിച്ച മൗര്യ ഇവര്‍ക്കൊരു പ്രാധാന്യവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ യുപിയില്‍ ആരാകും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന ചോദ്യത്തില്‍ നിന്ന് മൗര്യ ഒഴിഞ്ഞു മാറി. കഴിഞ്ഞ തവണ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാവാണ് മൗര്യ. അവസാന നിമിഷമാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി വന്നത്. പാര്‍ട്ടി എം.എല്‍.എമാരുമായി ചര്‍ച്ച ചെയ്ത് ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നാണ് മൗര്യ പറഞ്ഞത്. മൃദു ഹിന്ദുത്വം സ്വീകരിക്കുന്ന പ്രതിപക്ഷ പാർട്ടികളെക്കുറിച്ച് ഇത് ബി.ജെ.പിയുടെ ആശയപരമായ വിജയമാണെന്നാണ് മൗര്യ അവകാശപ്പെട്ടത്.