രാജ്യത്ത് ഐ ഫോൺ വിതരണം മുടങ്ങുമോ? തീപിടിത്തമുണ്ടായ നിർമാണ പ്ലാന്റിന് പ്രവർത്തനാനുമതി നിഷേധിച്ച് തമിഴ്നാട്
തീപിടിത്തത്തെക്കുറിച്ച് ഫോറന്‍സിക് അന്വേഷണം ആരംഭിച്ചു
ചെന്നൈ: തീപിടിത്തമുണ്ടായ ടാറ്റയുടെ ഐ ഫോൺ നിർമാണ പ്ലാന്റിന് പ്രവർത്തനാനുമതി നൽകാതെ അധികൃതർ. രാജ്യത്തെ ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഉത്പാദനത്തെയും വിതരണത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള നിർമാണ സ്ഥാപനത്തിൽ ശനിയാഴ്ചയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെക്കുറിച്ച് ഫോറന്‍സിക്ക് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് തമിഴ്‌നാട്.
ഇതിന് പിന്നാലെയാണ് പ്ലാന്റ് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി തമിഴ്നാട് നിഷേധിച്ചത്. എന്ന് തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ സംഭവത്തെക്കുറിച്ച് ടാറ്റയോ, ആപ്പിളോ പ്രതികരിച്ചിട്ടില്ല. തീപിടിത്തത്തിൽ പരിക്കേറ്റ ജീവനക്കാരുടെ സുരക്ഷയും ചികിത്സയും ഉറപ്പാക്കുമെന്നാണ് ടാറ്റ പ്രതികരിച്ചത്.
ഇന്ത്യൻ വിപണിയിൽ കൂടുതൽ ഇടപെടൽ നടത്താൻ കമ്പനി ശ്രമിക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായതും താൽക്കാലികമായി പ്രവർത്തനാനുമതി നിഷേധിച്ചതും. ഇത് രാജ്യത്ത് കൂടുതൽ വേരുറപ്പിക്കാനുള്ള കമ്പനിയുടെ ശ്രമത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാസവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന സ്ഥലത്ത് നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് അഗ്നിശമന ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീപിടിത്തമുണ്ടാകുന്ന സമയത്ത് 1500 ലധികം ജീവനക്കാർ ഡ്യൂട്ടിക്കുണ്ടായിരുന്നുവെന്നാണ് വിവരം.
പരിസരമാകെ പുക പടർന്നതോടെ ജീവനക്കാരും നാട്ടുകാരും പരിഭ്രാന്തരായി. ഏഴ് ഫയർ എഞ്ചിനുകൾ വിന്യസിച്ചാണ് മുഴുവൻ ജീവനക്കാരെയും രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.