വനിതാ ഹോസ്റ്റലിലെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചോര്‍ന്നു; ചണ്ഡീഗഡ് സർവകലാശാലയിൽ വന്‍ പ്രതിഷേധം

വിദ്യാർഥികൾ കാമ്പസിൽ ആത്മഹത്യാഭീഷണി മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്

Update: 2022-09-18 05:26 GMT
Editor : Lissy P | By : Web Desk
Advertising

ചണ്ഡീഗഢ്: പഞ്ചാബിലെ ചണ്ഡീഗഡ് സർവകലാശാലയിലെ വനിതാ ഹോസ്റ്റിലിലെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചോർന്നതിനെ തുടർന്ന് വൻ പ്രതിഷേധം. ഹോസ്റ്റിലെ ഒരു പെൺകുട്ടിയാണ് കൂടെ താമസിക്കുന്ന കുട്ടിയുടെ സ്വകാര്യ വീഡിയോകൾ പകർത്തി പ്രചരിപ്പിച്ചത്. ശുചിമുറിയിലെ ദൃശ്യങ്ങളടക്കം ചോര്‍ന്നിട്ടുണ്ട്.  സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ദൃശ്യങ്ങൾ പകർത്തിയ കുട്ടിയെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് ഹോസ്റ്റിൽ രാത്രിഏറെ വൈകിയും വിദ്യാർഥികൾ കുത്തിരിപ്പ് സമരമടക്കം പ്രതിഷേധവുമായി എത്തിയത്.

പ്രതിഷേധത്തിനെത്തിയ വിദ്യാർഥികൾ കാമ്പസിൽ ആത്മഹത്യാഭീഷണി മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരത്തിൽ ആത്മഹത്യ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മൊഹാലി പൊലീസ് മേധാവി വിവേക് സോണി പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. വിദ്യാർഥിനിയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണ് പരാതിയെന്നും ഇതിൽ ഫോറൻസിക് പരിശോധന നടക്കുകയാണെന്നും മറ്റെല്ലാം വ്യാജപ്രചാരണമാണെന്നും അതിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ ചോർന്നതിന്റെ പേരിൽ നിരവധി പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ പൊലീസിനൊപ്പം സർവകലാശാലയും തള്ളിക്കളഞ്ഞു. ഒരു പെൺകുട്ടിയെ ബോധരഹിതയായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സർവകലാശാല അധികൃതർ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ മനീഷ ഗുലാത്തി പറഞ്ഞു .ഇത് ഗൗരവമുള്ള വിഷയമാണ്, അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ രക്ഷപ്പെടില്ലെന്ന് എല്ലാ വിദ്യാർഥികളുടെയും രക്ഷിതാക്കൾക്ക് ഉറപ്പുനൽകുന്നുവെന്ന് അവർ എഎൻഐയോട് പ്രതികരിച്ചു.

വിദ്യാർഥികളോട് ശാന്തരായിരിക്കണമെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ട്വീറ്റ് ചെയ്തു.' കുറ്റവാളികൾ ആരും രക്ഷപ്പെടില്ല. ഇത് വളരെ സെൻസിറ്റീവായ കാര്യമാണ്, നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. മാധ്യമങ്ങൾ ഉൾപ്പെടെ നാമെല്ലാവരും വളരെ ജാഗ്രത പാലിക്കണം, ഇത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പരീക്ഷണം കൂടിയാണ്, അദ്ദേഹം ട്വീറ്റ് ചെയ്തു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News