പുതുച്ചേരി തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക്
പതിനഞ്ച് വര്‍ഷത്തിന് ശേഷം മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക്.
പതിനഞ്ച് വര്‍ഷത്തിന് ശേഷം മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക്. ഒക്ടോബര്‍ ഇരുപത്തിയൊന്നിനാണ് മാഹി നഗരസഭ തെരഞ്ഞെടുപ്പ്. സുപ്രിം കോടതി ഇടപെടലിനെ തുടര്‍ന്നാണ് പോണ്ടിച്ചേരിയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
38 വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു 2006 ജൂണില്‍ പുതുച്ചേരിയില്‍ അവസാനമായി തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. 2011 ല്‍ ഈ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി അവസാനിച്ചു. തുടര്‍ന്ന് പത്ത് വര്‍ഷത്തിലധികമായി ഇവിടുത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഇതിനെതിരെ അഭിഭാഷകനായ ടി.അശോക് കുമാര്‍ സുപ്രിം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടത്.
സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലേക്കും പത്ത് കമ്മ്യൂണ്‍ പഞ്ചായത്തുകളിലേക്കും 108 ഗ്രാമ പഞ്ചായത്തുകളിലേക്കുമായി ആകെ 1041 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മാഹി,പുതുച്ചേരി, ഒഴുവര്‍കര, തമിഴ്നാട്ടിലെ കാരിക്കാന്‍, ആന്ധ്രയിലെ യാനം എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭകള്‍. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 21 നാണ് മാഹിയിലെ തെരഞ്ഞെടുപ്പ്. മാഹിയുടെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ നഗരസഭ ചെയര്‍മാന്‍ സ്ഥാനം വനിത സംവരണമാണ്. പത്ത് കൌണ്‍സിലര്‍മാരാണ് മാഹിയിലുളളത്. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്നു എന്ന പ്രത്യേകതയും ഇവിടുത്തെ തെരഞ്ഞെടുപ്പിനുണ്ട്.