രാഷ്ട്രപതി മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി അറസ്റ്റില്‍
സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് ചൗക്കിൽ കോണ്‍ഗ്രസ് എം.പിമാരോടൊപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ച് വിജയ് ചൗക്കിൽ പോലീസ് തടഞ്ഞു. നിരവധി എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാംവട്ട ചോദ്യചെയ്യലിനായി സോണിയ ഗാന്ധി ഇന്ന് ഇ ഡി ഓഫീസിലെത്തി. അഡീഷണല്‍ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. സോണിയയെ ഇ ഡി വേട്ടയാടുന്നെന്ന് ആരോപിച്ച് ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.
നാഷണൽ ഹെറാൾഡ് കേസിൽ കൂടുതൽ വിവരങ്ങൾ സോണിയാ ഗാന്ധി നിന്നും ചോദിച്ചറിയാൻ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്.
ഇന്നലെ ഹാജരാകാനായിരുന്നു നേരത്തെ സോണിയയോട് ആവശ്യപ്പെട്ടിരുന്നത്. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ ചോദ്യം ചെയ്യാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ച് മൂന്ന് മണിക്കൂർ ആയിരിക്കും ഇന്ന് സോണിയയെ ചോദ്യം ചെയ്യുക. ഇഡി നടപടിക്കെതിരെ എ ഐ സി സി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ സത്യാഗ്രഹം അനുഷ്ഠിക്കുകയാണ്. പാർലമെന്റിലും വിഷയം കോൺഗ്രസ് ഉന്നയിക്കും. കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെടും.