'നിങ്ങൾ ഭയപ്പെടേണ്ട, ഞാൻ കൂടെയുണ്ട്'; പ്രസംഗത്തിനിടെ ഖുർആൻ സൂക്തം ഉദ്ധരിച്ച് രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പിലുടനീളം പ്രതിപക്ഷ നേതാക്കൾ എങ്ങനെയാണ് ധൈര്യം കാണിച്ചതെന്ന് ചൂണ്ടിക്കാട്ടവെയാണ് രാഹുൽ ഖുർആനിലെ വചനവും ഉപയോ​ഗിച്ചത്.

Update: 2024-07-01 17:05 GMT
Advertising

ന്യൂഡൽഹി: ലോക്സഭയിൽ നടത്തിയ പ്രസം​ഗത്തിനിടെ ധൈര്യവുമായി ബന്ധപ്പെട്ട് ഖുർആൻ വചനം ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന് മറുപടി പറയവേ, തെരഞ്ഞെടുപ്പിലുടനീളം പ്രതിപക്ഷ നേതാക്കൾ എങ്ങനെയാണ് ധൈര്യം കാണിച്ചതെന്ന് ചൂണ്ടിക്കാട്ടവെയാണ് രാഹുൽ ഖുർആനിലെ സൂക്തവും ഉപയോ​ഗിച്ചത്.

എല്ലാ മതങ്ങളും സമാധാനം, അഹിംസ, ധൈര്യം എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നിട്ടും പ്രതിപക്ഷത്തിനെതിരെ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എങ്കിലും തങ്ങൾ ധൈര്യമുള്ളവരായിരുന്നു എന്നും രാഹുൽ കൂട്ടിച്ചേർത്തു. തുടർന്നായിരുന്നു അദ്ദേഹം ഖുർആനിക സൂക്തം ഉദ്ധരിച്ചത്.

20ാം അധ്യായമായ താഹാ സൂറത്തിലെ 46ാം വചനത്തിന്റെ ഇം​ഗ്ലീഷ് പരിഭാഷയാണ് അദ്ദേഹം പറഞ്ഞത്. "ഇസ്‌ലാമിൽ, ഖുർആനിൽ പറയുന്നു- 'നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌'- എന്ന്. അതായത് നിങ്ങൾ ഭയപ്പെടേണ്ട എന്ന് ഇസ്‌ലാം പറയുന്നു"- അദ്ദേഹം വ്യക്തമാക്കി.

ഫിർഔന്റെ (ഫറോവ) അടുത്തേക്ക് പോയി ഉദ്ബോധനം നടത്താൻ പ്രവാചകൻ മൂസയോട് പറയുമ്പോൾ, അയാൾ ആക്രമിക്കുമെന്ന് ഭയമുണ്ടെന്നുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തോടുള്ള അല്ലാഹുവിന്റെ മറുപടിയാണ് ഈ വാക്കുകൾ.

പ്രസം​ഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമർശനമാണ് രാഹുൽ നടത്തിയത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും മണിപ്പൂര്‍ സംഘര്‍ഷം, കര്‍ഷക സമരം, നീറ്റ്, അഗ്നിപഥ് വിഷയങ്ങള്‍ എന്നീ വിഷയങ്ങളും ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം.

ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുകയും ആക്രമണങ്ങള്‍ നടത്തുകയുമാണ്. ബി.ജെ.പി വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുല്‍ തുറന്നടിച്ചു. ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുന്നു. ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ജനങ്ങള്‍ എതിര്‍ത്തുവെന്നും രാഹുല്‍ വ്യക്തമാക്കി.

രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും നിങ്ങൾ ന്യൂനപക്ഷങ്ങളെയും മുസ്‌ലിംകളേയുമടക്കം ആക്രമിക്കുകയാണെന്നും വെറുപ്പ് പടർത്തുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. 'ന്യൂനപക്ഷങ്ങൾ ഭയത്തിലാണ്. കോൺഗ്രസ് നിങ്ങളെ ഭയക്കുന്നില്ല. നിങ്ങൾ കോൺഗ്രസിനെയാണ് ഭയക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ, മുസ്‌ലിംകൾക്കെതിരെ, സിഖുകാർക്കെതിരെ, ക്രിസ്ത്യാനികൾക്കെതിരെ നിങ്ങൾ ആക്രമണം നടത്തുകയും വെറുപ്പ് പടർത്തുകയും ചെയ്യുന്നു'- രാഹുൽ വിശദമാക്കി.

'ന്യൂനപക്ഷങ്ങൾ എന്ത് ചെയ്തു. അവർ ദേശഭക്തരാണ്. അവർ നമ്മുടെ രാജ്യത്തോടൊപ്പം പാറ പോലെ നിലയുറപ്പിച്ചിരിക്കുന്നു. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളെയും നിങ്ങൾ ആക്രമിച്ചു. അവർക്കെതിരെ നിങ്ങൾ അക്രമവും വെറുപ്പ് പടർത്തുന്നു'- അദ്ദേഹം വ്യക്തമാക്കി. ഹിന്ദുക്കളുടെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണിപ്പൂരില്‍ നിരന്തരം ആക്രമണം നടന്നിട്ടും മോദി അവിടെ പോയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ബി.ജെ.പി മണിപ്പൂരിലെ ആഭ്യന്തര യുദ്ധത്തിലേക്കു തള്ളിയിട്ടു. മോദിക്കും അമിത് ഷായ്ക്കും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. സംസ്ഥാനം പോലുമല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

700 കര്‍ഷകര്‍ രക്തസാക്ഷികളായി. പ്രതിഷേധിച്ച കര്‍ഷകരെ തീവ്രവാദികളാക്കി. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നു പറഞ്ഞത് മോദിയാണ്. ദൈവം നേരത്തെ സന്ദേശം നല്‍കിയപ്പോള്‍ മോദി നോട്ടുനിരോധനം നടപ്പാക്കിയെന്നും രാഹുല്‍ പരിഹസിച്ചു. 

Read Alsoസഭയില്‍ മോദിയെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍; മൈക്ക് ഓഫ് ചെയ്തു, നിരന്തരം ഇടപെട്ട് തടസപ്പെടുത്തി ഭരണപക്ഷം


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News