"ആ.. ഇനി എന്നെ തൊട്...": രാഹുൽ ഓടി, കൂടെയോടി പൊലീസും അനുയായികളും; ജോഡോ യാത്രയിലെ രസക്കാഴ്ച
'തടയാമെങ്കിൽ തടഞ്ഞോളൂ' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
ഹൈദരാബാദ്: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര 53-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തെലങ്കാനയിലെ ഗൊല്ലപള്ളിയിൽ നിന്നാണ് യാത്ര പുനരാരംഭിച്ചിരിക്കുന്നത്. തെലങ്കാനയിലെ അഞ്ചാം ദിവസമായ ഇന്ന് വളരെ രസകരമായ ഒരു സംഭവമാണ് കോൺഗ്രസ് പങ്കുവെച്ചിരിക്കുന്നത്.
അനുയായികൾക്കൊപ്പം ആവേശത്തോടെ നടക്കുന്നതിനിടെ രാഹുൽ പെട്ടെന്ന് ഓടാൻ തുടങ്ങി. ജോഡോ യാത്രയിൽ ഒപ്പം കൂടിയ സ്‌കൂൾ കുട്ടികൾക്കൊപ്പമായിരുന്നു ഓട്ടം. കൂടെയോടാൻ പ്രവർത്തകരെ നിർബന്ധിച്ച രാഹുൽ കുട്ടികളുടെ ആവേശത്തോടെയാണ് ഓട്ടം തുടർന്നത്. പ്രവർത്തകരും പൊലീസും കൂടെയോടിയതോടെ സംഭവം കേമമായി. നൂറുമീറ്ററോളം പിന്നിട്ട ശേഷമാണ് രാഹുൽ ഓട്ടം നിർത്തിയത്.
നിറഞ്ഞ ചിരിയോടെ കുട്ടികൾക്കൊപ്പം ഓടുന്ന രാഹുലിന്റെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബിവി ട്വിറ്ററിൽ പങ്കുവെച്ചതിന് പിന്നാലെ വൈറലായി. 'തടയാമെങ്കിൽ തടഞ്ഞോളൂ' എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോ ഇതിനോടകം 50,000-ത്തിലധികം കാഴ്ചക്കാരെ നേടിയ വീഡിയോ നിരവധി ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ഗൊല്ലപള്ളിയിൽ നിന്ന് കാൽനട യാത്ര പുനരാരംഭിച്ചത്. ഇന്ന് 22 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. നവംബർ നാലിന് ജോഡോ യാത്രക്ക് ഒരു ഇടവേളയുണ്ടാകും. അന്ന് രാഹുൽ ഗാന്ധി കായിക, ബിസിനസ്, വിനോദ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് ജോഡോ യാത്ര തെലങ്കാനയിലേക്ക് കടന്നത്. യാത്രയുടെ ഏകോപനത്തിനായി തെലങ്കാന സംസ്ഥാന കോൺഗ്രസ് 10 പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. തെലങ്കാനയിൽ വൻ സ്വീകാര്യതയാണ് ജോഡോ യാത്രക്ക് ലഭിച്ചത്.