നരേന്ദ്ര മോദി സർക്കാർ വിദ്യാർഥികളുടെ ഭാവിക്ക് ഭീഷണിയെന്ന് രാഹുൽ ഗാന്ധി

നീറ്റ് പിജി പരീക്ഷ മാറ്റിവച്ച പശ്ചാതലത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് രാഹുൽ ഗാന്ധി രംഗത്ത് എത്തിയത്

Update: 2024-06-22 18:53 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴിൽ രാജ്യത്തെ വിദ്യാഭ്യാസരംഗം തകര്‍ന്നതിൻ്റെ ദൗര്‍ഭാഗ്യകരമായ മറ്റൊരു ഉദാഹരണമാണ് നീറ്റ് പി.ജി പരീക്ഷ മാറ്റിവച്ച നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ച പശ്ചാതലത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് രാഹുൽ ഗാന്ധി രംഗത്ത് എത്തിയത്. 

ബി.ജെ.പി ഭരണത്തിന് കീഴിൽ വിദ്യാര്‍ത്ഥികൾക്ക് പഠിച്ചാൽ മാത്രം ഉയരത്തിലെത്താനാവില്ലെന്നും തങ്ങളുടെ ഭാവി സംരക്ഷിക്കാൻ സര്‍ക്കാരിനെതിരെ പോരാടാനും നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്ന വിദ്യാഭ്യാസ മാഫിയക്ക് മുന്നിൽ മോദി ഒന്നും മിണ്ടാതെ നിൽക്കുകയായാണെന്നും വിദ്യാര്‍ഥികളുടെ ഭാവിക്ക് കഴിവുകെട്ട കേന്ദ്രസര്‍ക്കാര്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. നാളെ(ഞായര്‍) നടക്കാനിരുന്ന നീറ്റ് പി.ജി പരീക്ഷകൾ മാറ്റിയതായുള്ള ഉത്തരവ് രാത്രി വൈകിയാണ് പുറപ്പെടുവിച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. അതേസമയം നാളെ നടക്കുന്ന നീറ്റ് യുജി പുനപ്പരീക്ഷകള്‍ക്ക് മാറ്റമില്ല.

നീറ്റ് യു.ജി., നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. നേരത്തെ ജൂണ്‍ 25-നും 27-നുമിടയില്‍ നടത്താനിരുന്ന ജോയിന്റ് സി.എസ്.ഐ.ആര്‍. യു.ജി.സി.-നെറ്റ് പരീക്ഷയും മാറ്റിവെച്ചിരുന്നു.പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News