സവര്‍ക്കര്‍ ഞങ്ങളുടെ ഹീറോയാണ്, അദ്ദേഹത്തിനെതിരായ പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ല: സഞ്ജയ് റാവത്ത്
രാഹുലിന്‍റെ പരാമര്‍ശം എംവിഎ സഖ്യത്തെ ബാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു
മുംബൈ: വി.ഡി സവര്‍ക്കര്‍ക്കെതിരായുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ ഉദ്ധവ് താക്കറെ പക്ഷത്തിന് അതൃപ്തി. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തില്‍ നിന്നും ഉദ്ധവിന്‍റെ ശിവസേന പക്ഷം പിന്‍മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്‍റെ പരാമര്‍ശം എംവിഎ സഖ്യത്തെ ബാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു.
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം അനാവശ്യമായിരുന്നുവെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.'' സവർക്കറിനെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത് എംവിഎ സഖ്യത്തിൽ വിള്ളലുകൾ ഉണ്ടാക്കും. അത് തീർച്ചയായും കയ്പുണ്ടാക്കും. ഇത് നല്ല ലക്ഷണമല്ല. സവര്‍ക്കര്‍ ഞങ്ങളുടെ ഹീറോയാണ്. അദ്ദേഹത്തിനെതിരെയ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളൊന്നും വച്ചുപൊറുപ്പിക്കില്ല. തങ്ങള്‍ സവർക്കറെ സ്നേഹിക്കുകയും ആരാധിക്കുകയും വളരെയധികം വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് ഞങ്ങളുടെ പാർട്ടി മേധാവി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ വീക്ഷണങ്ങളോട് ഞങ്ങള്‍ യോജിക്കുന്നില്ല.'' റാവത്ത് പറഞ്ഞു.
സവര്‍ക്കര്‍ക്കെതിരെ സംസാരിച്ച് വിവാദമുണ്ടാക്കണ്ട ഒരാവശ്യവും രാഹുലിന് ഉണ്ടായിരുന്നില്ല. രാജ്യത്തെ വിദ്വേഷം അവസാനിപ്പിക്കാനും നാണയപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ ശബ്ദമുയർത്താനും ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്‍റെ യാത്ര.സവർക്കർ വിഷയം അവഗണിച്ച് അദ്ദേഹം യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു.... റാവത്ത് കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ തന്‍റെ നിലപാട് പാര്‍ട്ടി മേധാവിയും റാവത്തും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആദിത്യ താക്കറെ വ്യക്തമാക്കി. തന്‍റെ പാര്‍ട്ടിക്ക് സവര്‍ക്കറോട് വലിയ ബഹുമാനമുണ്ടെന്നും രാഹുലിന്‍റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും ആദിത്യ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷുകാരന്‍റെ സേവകനാകാൻ ആഗ്രഹിക്കുന്നുവെന്ന വി.ഡി. സവർക്കറുടെ കത്ത് രാഹുൽ ഗാന്ധി ഈയിടെ പുറത്തു വിട്ടിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ കത്ത് പ്രദർശിപ്പിച്ചത്. 'സാർ, ഞാൻ അങ്ങയുടെ വിനീത സേവകനായി തുടരാൻ യാചിക്കുന്നു' ഇംഗ്ലീഷുകാർക്കായി സവർക്കർ എഴുതിയ കത്തിലെ വാചകങ്ങളും രാഹുൽ വാർത്താസമ്മേളനത്തിൽ വായിച്ചിരുന്നു.
ഈ കത്ത് ഫഡ്‌നവിസടക്കം ആർക്കും വായിച്ചുനോക്കാമെന്നും കത്തിലെ പ്രധാനഭാഗങ്ങൾ ഹൈലൈറ്റ് ചെയ്തുവച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ഈ കത്ത് താനെഴുതിയതല്ലെന്നും സവർക്കർ എഴുതിയതാണെന്നും അദ്ദേഹം ഇംഗ്ലീഷുകാരെ സഹായിച്ചുവെന്ന കാര്യത്തിൽ തനിക്കുറപ്പുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബ്രിട്ടീഷുകർക്ക് കത്തെഴുതി ഒപ്പിട്ട നൽകിയ സവർക്കറിന് അവരെ പേടിയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.