മുൻ കോൺ​ഗ്രസ് എം.എൽ.എ ബലാത്സം​ഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി; പൊലീസുകാർ ഭീഷണിപ്പെടുത്തി; യുവതിയുടെ പരാതിയിൽ കേസ്

പ്രതികൾ രണ്ട് വർഷം മുമ്പ് കൗമാരക്കാരിയായ തന്റെ മകളെയും പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.

Update: 2023-12-22 13:21 GMT
Advertising

ജയ്പ്പൂർ: മുൻ കോൺ​ഗ്രസ് എംഎൽഎ ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി യുവതി. ബാർമെറിൽ നിന്നുള്ള മുൻ എം.എൽ.എ മേവാറാം ജെയ്നെതിരെയാണ് പരാതി. യുവതിയുടെ പരാതിയിൽ ജെയ്ൻ, രാജസ്ഥാൻ പൊലീസ് ഓഫീസർ ആനന്ദ് സിങ് രാജ്പുരോഹിത് അടക്കം ഒമ്പത് പേർക്കെതിരെ ജോധ്പൂർ രാജീവ് ​ഗാന്ധി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

പ്രതികൾ രണ്ട് വർഷം മുമ്പ് കൗമാരക്കാരിയായ തന്റെ മകളെയും പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത സുഹൃത്തിനെയും പ്രതികൾ ബലാത്സംഗം ചെയ്യുകയും മറ്റ് പെൺകുട്ടികളെ തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരാൻ സമ്മർദം ചെലുത്തുകയും ചെയ്തതായും എഫ്‌ഐആറിലുണ്ട്.

ബാർമെർ എസ്എച്ച്ഒ ​​ഗം​ഗാറാം ഖർവ, സബ് ഇൻസ്പെക്ടർ ദാവൂദ് ഖാൻ, പ്രധാൻ ​ഗിർധാരി സിങ് സോധ എന്നിവരും കേസിൽ പ്രതികളാണ്. കൂട്ടബലാത്സം​ഗം, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജെയ്ൻ അടക്കം എട്ട് പേർക്കെതിരെ കേസെടുത്തതെന്ന് എസ്എച്ച്ഒ ഷാകിൽ അഹമ്മദ് പറഞ്ഞു.

2021മുതൽ ജെയ്ൻ തന്നെ ബലാത്സം​ഗം ചെയ്തുവരികയാണെന്നും തനിക്ക് അയാളെ പരിചയപ്പെടുത്തിയ രാം സ്വരൂപ് എന്നയാൾ അഞ്ച് വർഷമായി പീഡിപ്പിച്ചുവരുന്നതായും യുവതി ആരോപിക്കുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

പിതാവിന്റെ അസുഖം കാരണം അഞ്ച് വർഷം മുമ്പ് ബാർമെറിൽ നിന്നുള്ള രാം സ്വരൂപുമായി താൻ ബന്ധപ്പെടുകയും സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാധീനത മുതലെടുത്ത് അയാൾ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും വീണ്ടും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു.

2021ൽ തന്റെ ഫ്‌ളാറ്റിൽ വച്ച് അന്നത്തെ ബാർമെർ എം.എൽ.എയ്ക്ക് അയാൾ തന്നെ പരിചയപ്പെടുത്തിയതായും ഇരുവരും തന്നെ ബലാത്സംഗം ചെയ്തതായും യുവതി പറഞ്ഞു. അതിനുശേഷവും തുടർച്ചയായി ബലാത്സം​ഗം ചെയ്തു. ഇക്കാര്യം പുറത്തുപറയരുതെന്ന് പൊലീസ് ഉദ്യോഗസ്ഥരും മറ്റ് പ്രതികളും ഭീഷണിപ്പെടുത്തിയതായും ചില പേപ്പറുകളിൽ ഒപ്പിടാൻ നിർബന്ധിച്ചതായും യുവതി ആരോപിച്ചു.

2022 നവംബറിൽ ബാർമെറിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനും 50 ലക്ഷം രൂപ ആവശ്യപ്പെട്ടതിനും രാം സ്വരൂപിനെതിരെ കേസെടുത്തിരുന്നു. കേസിലെ പ്രതികളെ പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു.

ബാർമർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് മേവാറാം ജെയ്ൻ. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി വിമതനായ പ്രിയങ്ക ചൗധരിയോട് പരാജയപ്പെട്ടു. ഗോ സേവാ ആയോഗിന്റെ ചെയർമാൻ സ്ഥാനവും ജെയ്ൻ വഹിച്ചിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News