രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് ഒരു മാസത്തെ പരോള്‍
ഒരു മാസത്തേക്ക് സാധാരണ പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹസന്‍ മുഹമ്മദ് ജിന്ന മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന് പരോള്‍ നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്‍റെ തീരുമാനം. ഒരു മാസത്തേക്ക് സാധാരണ പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹസന്‍ മുഹമ്മദ് ജിന്ന മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയിൽ നളിനിയുടെ അമ്മ പത്മാവതി സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സര്‍ക്കാരിന്‍റെ തീരുമാനം അറിയിച്ചത്. താന്‍ വിവിധ രോഗങ്ങളാല്‍ വലയുകയാണെന്നും മകള്‍ കുറച്ചുകാലം അടുത്തുണ്ടാകണമെന്ന് ആഗ്രഹമുണ്ടെന്നും കാണിച്ചാണ് പത്മ ഹരജി നല്‍കിയത്. ഒരു മാസത്തെ പരോൾ അനുവദിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തെ തുടർന്നാണ് ജസ്റ്റിസുമാരായ പി.എൻ പ്രകാശ്, ആർ ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹരജി അവസാനിപ്പിച്ചത്.
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി. 1991ൽ അറസ്റ്റിലായ ശേഷം നളിനിയുടെ രണ്ടാമത്തെ സാധാരണ പരോളാണിത്. 2019 ജൂലൈയിൽ ഒരു മാസവും 20 ദിവസവും നീണ്ടുനിന്ന പരോള്‍ ലഭിച്ചിരുന്നു. അമ്മയും സഹോദരിയും സഹോദരനും ഉൾപ്പെടെ അടുത്ത ബന്ധുക്കൾക്കൊപ്പം വെല്ലൂരിലെ വീട്ടിലായിരിക്കും നളിനി പരോള്‍കാലത്ത് താമസിക്കുക. നളിനിയുടെ മാതാവ് പത്മ ഒരു റിട്ടയേഡ് നഴ്സാണ്. കേസിലെ മറ്റൊരു പ്രതി പേരറിവാളനും ഈയിടെ പരോള്‍ ലഭിച്ചിരുന്നു. പേരറിവാളന്‍റെ അമ്മ അര്‍പുത അമ്മാളിന്‍റെ അപേക്ഷ പരിഗണിച്ചാണ് മേയില്‍ 30 ദിവസത്തെ പരോള്‍ അനുവദിച്ചത്.