അന്ന് വാജ്‌പേയി പറഞ്ഞു; 'ഞാൻ ജീവിച്ചിരിക്കുന്നതിന് കാരണം രാജീവ് ഗാന്ധി'
രാജീവ് സഹായം നൽകിയ വേളയിൽ രാജ്യസഭാ എംപിയിരുന്നു വാജ്‌പേയി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനമാണിന്ന്. രാജ്യമൊന്നടങ്കം രാജീവിന്റെ ഓർമകൾ പുതുക്കുന്ന ദിനത്തിൽ, സമൂഹ മാധ്യമങ്ങൾ പങ്കുവയ്ക്കുന്നത് അപൂർവ്വമായ ഒരു രാഷ്ട്രീയസൗഹൃദത്തിന്റെ കഥയാണ്. കോൺഗ്രസ് നേതാവായ രാജീവും ബിജെപി നേതാവായ എ.ബി വാജ്‌പേയിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ.
താൻ ജീവിച്ചിരിക്കുന്നതിന്റെ കാരണം തന്നെ രാജീവാണെന്ന് ഒരിക്കൽ വാജ്‌പേയി പറഞ്ഞിരുന്നു. അക്കഥയിങ്ങനെ;
1988ൽ വാജ്‌പേയിക്ക് വൃക്കസംബന്ധമായ അസുഖം പിടിപെട്ടു. 1985ൽ ഒരു കിഡ്‌നി നഷ്ടപ്പെട്ട നേതാവായിരുന്നു അദ്ദേഹം. ഇക്കാര്യമറിഞ്ഞ പ്രധാനമന്ത്രി, വാജ്‌പേയിയോട് യുഎസിൽ ചികിത്സയ്ക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകൻ ഉല്ലേഖ് എൻപി എഴുതിയ അൺടോൾഡ് വാജ്‌പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്‌സ് എന്ന പുസ്തകത്തില്‍ പറയുന്നതിപ്രകാരം.
'എനിക്ക് വൃക്കസംബന്ധമായ അസുഖമുണ്ടെന്നും അതിന് വിദേശത്ത് ചികിത്സ വേണമെന്നും പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി എങ്ങനെയോ കണ്ടുപിടിച്ചു. ഒരു ദിവസം അദ്ദേഹം എന്നെ ഓഫീസിൽ വിളിച്ച്, ഞാൻ നിങ്ങളെ ഇന്ത്യയുടെ യുഎൻ പ്രതിനിധി സംഘത്തോടൊപ്പം യുഎസിലേക്ക് അയയ്ക്കുകയാണ് എന്നു പറഞ്ഞു. വിദേശത്ത് ആവശ്യമായ ചികിത്സ കിട്ടാൻ വേണ്ടിയായിരുന്നു അത്. ഞാനങ്ങനെ ന്യൂയോർക്കിലേക്ക് പോയി. അതു കൊണ്ടാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്'
ചികിത്സ കഴിഞ്ഞ ശേഷം മാത്രമേ വാജ്‌പേയിയെ ഇന്ത്യയിലേക്ക് കൊണ്ടു വരേണ്ടതുള്ളൂ എന്ന് രാജീവ് ഗാന്ധി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. പത്തു വർഷത്തിന് ശേഷം മറ്റൊരിക്കൽ കൂടി വൃക്ക ചികിത്സയ്ക്കായി വാജ്‌പേയി യുഎസിലേക്ക് പോയി. അന്നദ്ദേഹം പ്രധാനമന്ത്രിയായിരുന്നു.
രാജീവ് സഹായം നൽകിയ വേളയിൽ രാജ്യസഭാ എംപിയായിരുന്നു വാജ്‌പേയി. 1984ലെ തെരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും ഗ്വാളിയോറിൽ മാധവറാവു സിന്ധ്യയോട് തോൽക്കുകയായിരുന്നു. ഇന്ദിര വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 410 സീറ്റുമായാണ് രാജീവ് അധികാരത്തിലേറിയിരുന്നത്.
1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട വേളയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനോടും വാജ്‌പേയി ഈ കഥ പങ്കുവച്ചിട്ടുണ്ട്. 1984 ഒക്ടോബർ മുതൽ 89 ഡിസംബർ രണ്ടു വരെയാണ് രാജീവ് പ്രധാനമന്ത്രി പദത്തിലിരുന്നത്.