പ്രതിഷേധം കനത്തു; സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബാബ രാംദേവ്

തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് വാര്‍ത്തയാക്കിയെന്ന് രാംദേവ്

Update: 2022-11-28 09:58 GMT
Editor : Lissy P | By : Web Desk
Advertising

 മുംബൈ: സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് യോഗ ഗുരു ബാബ രാംദേവ്. 'സാരിയിലും സൽവാറിലും സ്ത്രീകൾ സുന്ദരികളാണ്.  അവർ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരിമാരായിരിക്കും എന്നായിരുന്നു രാംദേവിന്റെ പരാമർശം. ഇതിനെതിരെ സോഷ്യൽമീഡിയയിലടക്കം വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. പരാമർശത്തിനെതിരെ ഡൽഹി വനിതാ കമ്മീഷനും മഹാരാഷ്ട്ര വനിതാകമ്മീഷനും രംഗത്തെത്തിയിരുന്നു. 72 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര വനിതാകമ്മീഷൻ രാംദേവിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ബാബ രാംദേവിന്റെ മാപ്പപേക്ഷ.

'സ്ത്രീകൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനായും ഞാൻ എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ 'ബേട്ടി ബച്ചാവോയ്ക്കുള്ളിലെ വിവിധ പദ്ധതികളെ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പ് സന്ദർഭത്തിന് നിരക്കാത്തതാണ്. എന്റെ വാക്കുകൾ ആർക്കെങ്കിലും വേദനിച്ചെങ്കിൽ ഖേദിക്കുന്നു,ക്ഷമ ചോദിക്കുന്നു. എന്നായിരുന്നു ബാബ രാംദേവ് നൽകിയ മാപ്പപേക്ഷ. ബാബാ രാംദേവ് നൽകിയ ക്ഷമാപണത്തിന്റെ പകർപ്പും മഹാരാഷ്ട്ര വനിതാകമ്മീഷൻ അധ്യക്ഷ രുപാലി ചകങ്കാർ ട്വീറ്റ് ചെയ്തു.

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രാംദേവിനെപരിഹസിച്ച് വന്നിരുന്നു. ''ഇപ്പോൾ എനിക്ക് മനസ്സിലായി, രാംലീല മൈതാനത്തുനിന്ന് സ്ത്രീവേഷത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് എന്തിനാണെന്ന്. സാരിയും സൽവാറും മറ്റു ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു. തലച്ചോറിനു കുഴപ്പമുള്ളതുകൊണ്ട് കാണുന്നതെല്ലാം വ്യത്യസ്തമായിരിക്കും.'' മഹുവ ട്വീറ്റ് ചെയ്തു. 2011ലെ സംഭവത്തെക്കുറിച്ചായിരുന്ന മൊഹുവ പറഞ്ഞത്.  ഡൽഹിയിലെ രാംലീല മൈതാനത്തെ പ്രതിഷേധ സ്ഥലത്തു നിന്ന് സ്ത്രീവേഷത്തിൽ ആയിരുന്നു രാംദേവ് രക്ഷപ്പെട്ടത്. വെള്ള സൽവാർ ധരിച്ച്, ദുപ്പട്ട കൊണ്ട് തല മറച്ച് പ്രതിഷേധസ്ഥലത്തിനു പുറത്ത് രാംദേവിനെ പൊലീസ് പിടികൂടിയിരുന്നു. ഈ സംഭവത്തെ ഓർമപ്പെടുത്തിയായിരുന്നു മഹുവയുടെ പരാമർശം.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻറെ ഭാര്യ അമൃത ഫഡ്‌നാവിസ്, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് രാംദേവ് വിവാദ പരാമർശം നടത്തിയത്.

അതേസമയം, സ്ത്രീകളെ അപമാനിച്ച രാംദേവ് മാപ്പ് പറയണമെന്നായിരുന്നു ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടത്. 'മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ മുന്നിൽവെച്ച് രാംദേവ് നടത്തിയ പ്രസ്താവന മോശവും അപലപനീയവുമാണ്. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും വേദനിപ്പിച്ചു. ബാബ രാദേവ് ജി രാജ്യത്തോട് മാപ്പ് പറയണം' എന്നാണ് സ്വാതി മലിവാൾ ട്വീറ്റ് ചെയ്തത്.

രാംദേവിനെതിരെ ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തിയിരുന്നു. രാംദേവ് ഈ പരാമർശം നടത്തിയപ്പോൾ എന്തുകൊണ്ട് അമൃത ഫട്‌നാവിസ് പ്രതിഷേധിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News