കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍ വർധനവെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്; നോട്ട് നിരോധനം കൊണ്ടെന്ത് നേടിയെന്ന് പ്രതിപക്ഷം

500 രൂപയുടെ കള്ളനോട്ടുകളിൽ 100 ശതനമാനം വർധവും 2000 രൂപയുടേതിൽ 50 ശതമാനം വർധനവുമാണ് ഉണ്ടായിരിക്കുന്നത്

Update: 2022-05-29 10:48 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: രാജ്യത്തെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ റിപ്പോർട്ട്. വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് കള്ളനോട്ടുകൾ വർധിച്ചതായി വ്യക്തമാക്കുന്നത്. ആർ.ബി.ഐയുടെ കണക്കനുസരിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ 500 രൂപ നോട്ടിലാണ് ഏറ്റവും കൂടുതൽ വ്യാജൻ ഇറങ്ങിയിട്ടുള്ളത്.

500 രൂപയുടെ വ്യാജ നോട്ടുകളിൽ മാത്രം 101.9 ശതമാനമാണ് വർധിച്ചിട്ടുള്ളത്.  2020-2021 സാമ്പത്തിക വർഷം 500 രൂപയുടെ 39,451 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. എന്നാൽ ഈ സാമ്പത്തികവർഷമായപ്പോഴേക്കും 79,669 വ്യാജ നോട്ടുകൾ കണ്ടെത്തി.

2,000 രൂപയുടെ വ്യാജ നോട്ടുകളിൽ 54.16% വർധനവുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ 8798 കള്ള നോട്ടുകൾ കണ്ടെത്തിയപ്പോൾ 2021-22 സാമ്പത്തിക വർഷത്തിൽ 13,604 നോട്ടുകൾ കണ്ടെത്തിയതായും ആർ.ബി.ഐയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന് പിന്നാലെ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തി.

'സമ്പദ് വ്യവസ്ഥയെ തകർത്തത് മാത്രമാണ് നോട്ട് നിരോധനത്തിന്റെ നിർഭാഗ്യകരമായ വിജയമെന്നായിരുന്നു' കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. ഈ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തായിരുന്നു രാഹുൽഗാന്ധിയുടെ പ്രതികരണം.

തൃണമൂൽ കോൺഗ്രസ് നേതാവായായ ഡെറക് ഒബ്രിയനും പ്രധാമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. 'നമസ്‌കാരം, മിസ്റ്റർ പി.എം മോദി. നോട്ട് നിരോധനം ഓർമയുണ്ടോ... എല്ലാ കള്ളപ്പണവും തുടച്ചുനീക്കുമെന്ന് നിങ്ങൾ വാഗാദാനം ചെയ്തിരുന്നില്ലേ...കള്ളനോട്ടുകളിൽ വൻ വർധനവുണ്ടായിരിക്കുന്നുവെന്ന് ആർ.ബി.ഐയുടെ റിപ്പോർട്ട് ഇതാ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്താണ് ഡെറക് ഒബ്രിയൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കള്ളനോട്ടുകൾ പൂർണമായും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2016ൽ നരേന്ദ്രമോദി സർക്കാറിന്റെ നേതൃത്വത്തിൽ നോട്ട് നോട്ട് നിരോധനം നടത്തിയത്. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കി. ഇതിന് പകരം പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കി.ഈ നടപടി അഴിമതി തടയുമെന്നും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുമെന്നും കള്ളപ്പണത്തിന്റെ ഉപയോഗം കുറയ്ക്കുമെന്നും കേന്ദ്രം പറഞ്ഞിരുന്നത്.

പെട്ടെന്നുള്ള നോട്ട് നിരോധനം ജനങ്ങൾക്ക് സൃഷ്ടിച്ചത് ഏറെ ബുദ്ധിമുട്ടുകളായിരുന്നു. അന്നുമുതൽ ഈ വിഷയം ശക്തമായി ചർച്ച ചെയ്യപ്പെട്ടു.ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങൾ നടത്തിവന്നിരുന്ന പ്രതിപക്ഷ പാർട്ടികൾക്ക് പുതിയ വെടിമരുന്ന് നൽകിക്കൊണ്ടാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പുറത്തിറങ്ങിയിരിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News