വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഇനി മുതൽ പിഴപ്പലിശ ഉപഭോക്താവിൽ നിന്നും ഈടാക്കാൻ പാടില്ലെന്ന് ആർ.ബി.ഐ
പലിശ കൂടുമ്പോൾ തിരിച്ചടവ് കാലാവധിയോ തുകയോ വർധിപ്പിക്കാൻ ഇനി മുതൽ ഉപഭോക്താവിന്റെ അനുമതി വേണം
ഡൽഹി: വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഇനി മുതൽ പിഴപ്പലിശ ഉപഭോക്താവിൽ നിന്നും ഈടാക്കാൻ പാടില്ലെന്ന് ആർ.ബി.ഐ നിർദേശം. പലിശ കൂടുമ്പോൾ തിരിച്ചടവ് കാലാവധിയോ തുകയോ വർധിപ്പിക്കാൻ ഉപഭോക്താവിന്റെ അനുമതിയും ഇനി മുതൽ വേണം. അടുത്ത വർഷം ജനുവരി ഒന്നു മുതൽ ഉള്ള വായ്പകൾക്ക് ആണ് റിസർവ് ബാങ്കിന്റെ പുതിയ വിജ്ഞാപനം ബാധകമാകുക.
അടുത്ത വർഷം ജനുവരി ഒന്നു മുതൽ ഉള്ള വായ്പകൾക്കാണ് റിസർവ് ബാങ്കിന്റെ പുതിയ വിജ്ഞാപനം ബാധകമാവുക. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ പിഴതുകയക്ക് ഒപ്പം അതിന്മേലുള്ള പിഴപ്പലിശയും ഈടാക്കുന്ന ബാങ്കുകളുടെ രീതിയാണ് റിസർവ് ബാങ്ക് വിലക്കിയത്. ക്രെഡിറ്റ് കാർഡ് ഒഴികെയുള്ള നിലവിലുള്ള വായ്പകൾക്കും അടുത്ത ജൂണിനകം ഇത് ബാധകമാകും. പിഴത്തുക എത്രയെന്ന് ബാങ്കുകൾക്ക് തീരുമാനിക്കാം എന്നും റിസർവ് ബാങ്ക് അറിയിച്ചു.
ഇതോടൊപ്പം പലിശ കൂടുമ്പോൾ വായ്പ തിരിച്ചടവ് കാലാവധി അഥവാ ഇ.എം.ഐ അല്ലെങ്കിൽ തിരിച്ചടവ് തുകയോ ഇനി വർധിപ്പിക്കാൻ വ്യക്തിയുടെ അനുമതി വേണമെന്നും റിസർവ് ബാങ്ക് വിജ്ഞാപനത്തിൽ വ്യക്തമാക്കി. ഈ രണ്ടിൽ ഏതാണ് കൂട്ടേണ്ടത് എന്ന് തീരുമാനിക്കാനുള്ള അധികാരം ഉപഭോക്താവിന് ലഭിക്കുന്നതിന് ഒപ്പം ഏത് സമയത്തും നിശ്ചിത ചാർജ് നൽകി വായ്പ ഭാഗികമായോ പൂർണമായോ അടച്ച് തീർക്കാം എന്നും റിസർവ് ബാങ്ക് അറിയിച്ചു.
ഇതോടൊപ്പം മാറിക്കൊണ്ടിരിക്കുന്ന പലിശ നിരക്ക് അഥവാ ഫ്‌ലോട്ടിങ് റേറ്റ് ഓഫ് ഇന്ററസ്റ്റ് ഉപഭോക്താവിന് എപ്പോൾ വേണമെങ്കിലും സ്ഥിര പലിശയിലേക്ക് മാറ്റാനും കഴിയും. ഇതിനുള്ള ചാർജ് ധനകാര്യ സ്ഥാപനങ്ങൾ വെളിപ്പെടുത്തണം. മൂന്ന് മാസത്തിലൊരിക്കൽ വായ്പയുടെ എല്ലാ വിവരങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന സ്റ്റേറ്റ്‌മെന്റും ഉപഭോക്താവിന് അയച്ച് നൽകണം.