ലണ്ടനിൽ സൂക്ഷിച്ചിരുന്ന 100 ടൺ സ്വർണം ഇന്ത്യയിലെത്തിച്ച് റിസർവ് ബാങ്ക്
അതീവസുരക്ഷയിൽ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച സ്വർണം ആർ.ബി.ഐയുടെ രണ്ട് നിലവറകളിലാണ് സൂക്ഷിക്കുക
ഡൽഹി: ലണ്ടനിൽ സൂക്ഷിച്ചിരുന്ന 100 ടൺ സ്വർണം ഇന്ത്യയിലെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 1991 ന് ശേഷം ഇതാദ്യമായാണ് ഇത്രയും കൂടുതൽ സ്വർണം ഇന്ത്യയിലെത്തിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആർ.ബി.ഐയുടെ പക്കൽ 822.1 ടൺ സ്വർണമാണുള്ളത്. ഇതിൽ 413.8 ടൺ സ്വർണം വിദേശത്താണ് സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ ഇംഗ്ലണ്ടിലെ ബാങ്കുകളിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്ന് ഒരു വിഹിതമാണ് ഇപ്പോൾ ഇന്ത്യയിലെത്തിച്ചത്.
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെയും സെൻട്രൽ ബാങ്കുകൾ ഇംഗ്ലണ്ടിലാണ് സ്വർണം സൂക്ഷിക്കുന്നത്. ഇതിനായി നിശ്ചിത ഫീസ് ഇംഗ്ലണ്ടിന് നൽകണം. ധനകാര്യ മന്ത്രാലയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പടെ സർക്കാർ ഏജന്‍സികള്‍ സംയുക്തമായി പ്രവർത്തിച്ചാണ് സ്വർണം ഇന്ത്യയിലെത്തിച്ചത്.ഇതിനായി മാസങ്ങൾ നീണ്ട പ്ലാനിങ്ങുകളാണ് നടന്നത്.
സ്വർണം ഇന്ത്യയിലെത്തിക്കുന്നതിന് മുന്നോടിയായി കേന്ദ്ര സർക്കാർ കസ്റ്റംസ് തീരുവക്ക് പൂർണ ഇളവ് നൽകിയിരുന്നു. രാജ്യത്തിന്റെ സ്വത്ത് എന്ന പരിഗണനയിലാണ് ഇളവ് നൽകിയത്. എന്നാൽ ഇറക്കുമതിക്ക് നൽകേണ്ട ജി.എസ്.ടിയിൽ ഇളവ് നൽകിയില്ല. വിവിധ സംസ്ഥാനങ്ങളും ആയി കേന്ദ്രം ഈ നികുതി വിഹിതം പങ്കുവെക്കുന്നതുകൊണ്ടാണ് ഇളവ് നൽകാതിരുന്നത്. അതീവസുരക്ഷയിൽ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച സ്വർണം നാഗ്പൂരിലെയും മുംബൈയിലെയും ആർ.ബി.ഐയുടെ നിലവറകളിലാണ് സൂക്ഷിക്കുക.