മണിപ്പൂരിൽ കലാപം വ്യാപിക്കുന്നു; ജിരിബാമിലെ 200ലധികം പേരെ ക്യാമ്പുകളിലേക്ക് മാറ്റി
വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
ഇംഫാൽ: അക്രമം ശക്തമായ മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. സൈനീകരുടെ വെടിയേറ്റ് ഗ്രാമവാസികളിൽ ഒരാൾ മരിച്ചതിനെ തുടർന്ന് ജിരിബാം മേഖലയിൽ കലാപം പൊട്ടിപുറപ്പെടുകയായിരുന്നു. രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ 59 കാരനായ ശരത്കുമാർ സിങിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ജിരിബാമിലെ ലാംതായ് ഖുനൂ, ദിബോങ് ഖുനൂ, നുങ്കൽ, ബെഗ്ര ഗ്രാമങ്ങളിൽ തമാസിക്കുന്നവരുടെ കുടിലുകൾ അക്രമികൾ അഗ്നിക്കിരയാക്കി.
സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന് തീയിട്ടു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തങ്ങളിൽ നിന്ന് പിടിച്ചെടുത്ത ലൈസൻസുള്ള തോക്കുകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജിരിബാം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവും നടത്തി.
കാലാപ സാധ്യത കണക്കിലെടുത്ത് മെയ്‌തെയ് സമുദായത്തിൽപ്പെടുന്ന 200-ലധികം ആളുകളെ അവരുടെ ഗ്രാമങ്ങളിൽ നിന്ന് ഒഴിപ്പിച്ച് പുതുതായി സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിലുള്ള സംസ്ഥാന പൊലീസ് കമാൻഡോകളോട് ഉടൻ സംഭവ സ്ഥലത്ത് നിലയുറപ്പിക്കാനും ആവശ്യപ്പെട്ടു.
മെയ്‌തെയും മുസ്‍ലിംകളും ഉൾപ്പെടെ വിവധ വിഭഗത്തിൽപ്പെവർ താമസിക്കുന്ന ജിരിബാമിനെ ഇതുവരെ കലാപം ബാധിച്ചിരുന്നില്ല.