'ലിവ് ഇൻ റിലേഷൻഷിപ്പ് രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ ആറുമാസം തടവ്'; ഉത്തരാഖണ്ഡ് ഏകസിവിൽകോഡിലെ നിബന്ധനകൾ

21 വയസ്സിന് താഴെയുള്ളവർക്ക് രജിസ്റ്റർ ചെയ്യണമെങ്കിൽ മാതാപിതാക്കളുടെ അനുമതി വേണം

Update: 2024-02-06 10:23 GMT
Editor : Lissy P | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ഡെറൂഡൂൺ: ഉത്തരാഖണ്ഡിൽ ലിവ് ഇൻ റിലേഷൻഷിപ്പുകൾ നയിക്കുന്നവരും അതിനായി പദ്ധതിയിടുന്നവരും രജിസ്റ്റർ ചെയ്യണം. ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ച ഏകസിവിൽകോഡ് കരട് ബില്ലിലാണ് ഈ നിർദേശങ്ങളുള്ളത്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നവർ 21 വയസിന് താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കളുടെ സമ്മതവും വേണം. നിയമം ലംഘിച്ചാൽ ആറുമാസം തടവ് ശിക്ഷയോ 25,000 രൂപ പിഴയോ നൽകേണ്ടിവരും. ലിവ് ഇൻ റിലേഷൻ ബന്ധം മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്നുമാസം വരെ തടവും 25,000 രൂപയില്‍  കൂടാത്ത പിഴയോ,രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. രജിസ്റ്റര്‍ ചെയ്യാന്‍ ഒരു മാസം വൈകിയാലും   മൂന്ന് മാസം വരെ തടവോ, 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

അതേസമയം,ഉത്തരാഖണ്ഡ് സ്വദേശികൾ മറ്റ് സംസ്ഥാനങ്ങളിൽ ലിവ് ഇൻ റിലേഷൻ ബന്ധം നയിക്കുകയാണെങ്കിലും അവർക്കും നിയമം ബാധകമാകും. ലിവ്-ഇൻ ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ അംഗീകാരം ലഭിക്കും. അതായത്, വിവാഹബന്ധത്തിൽ ജനിക്കുന്ന കുട്ടികളെപ്പോലെ അവരെയും കണക്കാക്കും. ലിവ് ഇൻ റിലേഷൻഷിപ്പിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു വെബ്സൈറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു.

ലിവ് ഇൻ ടുഗെതർ ബന്ധങ്ങൾ അവസാനിപ്പിക്കുകയാണെങ്കിലും അക്കാര്യവും രേഖാമൂലം അറിയിക്കണം. ബന്ധം പിരിയാനായി പറയുന്ന കാരണങ്ങളിൽ സംശയം തോന്നിയാല്‍ രജിസ്ട്രാർക്ക് പൊലീസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്യാമെന്ന് നിയമത്തിൽ പറയുന്നു.

ഏക സിവിൽ കോഡിനായി തയാറാക്കിയ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാല്‍ ബില്ലിനെ എതിർക്കാനാണ് കോൺഗ്രസ് തീരുമാനം. പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.എൽ.എമാർ സഭയിൽ പ്രതിഷേധം സംഘടിപ്പിക്കും. യു.സി.സി നടപ്പാക്കുന്നതിനെതിരെ ഉത്തരാഖണ്ഡിലെ മുസ്‍ലിം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News