രക്തക്കറകള്‍ ഉള്‍പ്പെടെ 200 ലേറെ സാഹചര്യത്തെളിവുകൾ; രേണുകസ്വാമി കൊലപാതകക്കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു
പവിത്ര ഗൗഡ ഒന്നാം പ്രതിയും കന്നഡ സിനിമാ നടൻ ദർശൻ തൂഗുദീപ രണ്ടാം പ്രതിയുമാണെന്നാണ് കണ്ടെത്തൽ
ബെംഗളൂരു: രേണുകസ്വാമി കൊലപാതക കേസില്‍ ബെംഗളൂരു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടുകളടങ്ങുന്ന 3991 പേജുകളുള്ള കുറ്റപത്രമാണ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനു മുന്നില്‍ സമര്‍പ്പിച്ചത്. പവിത്ര ഗൗഡ ഒന്നാം പ്രതിയും കന്നഡ സിനിമാ നടൻ ദർശൻ തൂഗുദീപ രണ്ടാം പ്രതിയുമാണ്. കേസിൽ വിവിധ ജയിലുകളിൽ കഴിയുന്ന 15 പേർക്കുമെതിരെ ബെംഗളൂരു പൊലീസ് ബുധനാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസില്‍ അറസ്റ്റിലായ ദര്‍ഷന്‍ സെപ്തംബര്‍ 9 വരെ ജുഡീഷല്‍ കസ്റ്റഡിയിലാണ്. ദര്‍ഷന്റെയും മറ്റുപ്രതികളുടെയും വസ്ത്രങ്ങളില്‍ നിന്നും ലഭിച്ച രക്തക്കറകള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം സാഹചര്യത്തെളിവുകളാണ് പൊലീസിന് കണ്ടെത്താനായത്. തന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്ന ഇരയുടെ ദൃശ്യങ്ങള്‍, പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെടുത്ത ഫോട്ടോ, മുഖ്യപ്രതിയായ നടി പവിത്ര ഗൗഡയുടെ ചെരുപ്പില്‍ നിന്നും ലഭിച്ച രക്തക്കറകള്‍ തുടങ്ങിയ സുപ്രധാന തെളിവുകളും ഇതില്‍ ഉള്‍പ്പെടുന്നു.
മുപ്പത്തിമൂന്നുകാരനായ രേണുകസ്വാമിയെന്ന ഓട്ടോക്കാരനെ കഴിഞ്ഞ ജൂണ്‍ മാസം ഒമ്പതിനാണ് ബെംഗളൂരു ൈഫ്ല ഓവറിന് താഴെ നിന്നും മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്. മുഖ്യപ്രതിയും നടിയും സുഹൃത്തുമായ പവിത്ര ഗൗഡയുടെ സമൂഹമാധ്യമത്തില്‍ മോശമായ സന്ദേശങ്ങള്‍ അയച്ചതില്‍ ക്ഷുഭിതനായ ദര്‍ഷന്‍ ഒരു സംഘത്തിന്റെ സഹായത്തോടെ രേണുകസ്വാമിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ക്രൂരമായ രീതിയില്‍ മര്‍ദ്ദിക്കുകയും വൈദ്യുതാഘാതം ഏല്‍പ്പിക്കുകയും ചെയ്തതാണ് മരണകാരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. ഒരു ചെവി മുറിച്ചു മാറ്റിയിട്ടുണ്ട്. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ വളരെ ആഴമേറിയ ക്ഷതങ്ങളാണുള്ളത്. രേണുകാസ്വാമി കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ഷനും പവിത്ര ഗൗഡയും ഉള്‍പ്പെടെ 17 പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പവിത്ര ഗൗഡ ഒന്നാം പ്രതിയും ദര്‍ഷന്‍ രണ്ടാം പ്രതിയുമാണ്. സംഭവത്തില്‍ 231 സാക്ഷിമൊഴികളും മൂന്ന് ദൃക്‌സാക്ഷികളുമാണുള്ളത്.