'കെെ' പിടിച്ച് തെലങ്കാന; ജന​​രോഷച്ചൂടറിഞ്ഞ് കെ.സി.ആർ

കെ. ചന്ദ്രശേഖര റാവു, രേവന്ത് റെഡ്ഡി, കെ.വെങ്കിട്ടരമണ റെഡ്ഡി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് കാമറെഡ്ഢി സാക്ഷ്യംവഹിച്ചത്.

Update: 2023-12-03 10:35 GMT
Editor : anjala | By : Web Desk
Advertising

ഹെെദരാബാദ്: തെലങ്കാനയിൽ ഭരണവിരുദ്ധ വികാരത്തിൽ അടിപതറി ബിആർഎസ്. ബിആര്‍എസിനൊപ്പം കെസിആര്‍ തരംഗത്തിനും തെലങ്കാനയില്‍ വിരാമമായിരിക്കുകയാണ്. മത്സരിച്ച രണ്ടു സീറ്റുകളിലും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി കൂടിയായ കെ.ചന്ദ്രശേഖര റാവു. കാമറെഡ്ഡിയിലും ഗജ്വാളിലുമാണ് കെസിആര്‍ ജനവിധി തേടിയത്. ഈ രണ്ടു മണ്ഡലങ്ങളിലും എതിര്‍ സ്ഥാനാര്‍ഥികളെക്കാള്‍ ബഹുദൂരം പിന്നിലാണ് കെസിആര്‍. കാമറെഡ്ഢിയിൽ കെസിആർ മൂന്നാമത്.

കെസിആറിന്റെ ജനപ്രിയ വാ​ഗ്ദാനങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന കണക്കുകൾ കാണിക്കുന്നത്. ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം അനുസരിച്ച് തെലങ്കാനയിൽ കോൺ​ഗ്രസ് 65 സീറ്റിൽ മുന്നിട്ടു നിൽക്കുമ്പോൾ ബിആർഎസ് 39 സീറ്റുകളുമായി പിന്നിലാണ്. ബി.ജെ.പി 10 സീറ്റുകളിലും മറ്റുള്ളവർക്ക് നാലു സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. കെ. ചന്ദ്രശേഖര റാവു, രേവന്ത് റെഡ്ഡി, ബിജെപിയുടെ കെ.വെങ്കിട്ടരമണ റെഡ്ഡി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് കാമറെഡ്ഢി സാക്ഷ്യംവഹിച്ചത്.

മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു മത്സരിക്കുന്ന കാമറെഡ്ഢിയിലും ഗജ്വാളിലും അദ്ദേഹം പിന്നിലാണുള്ളത്. കാമറെഡ്ഢിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സംസ്ഥാന അധ്യക്ഷനും കൂടിയായ രേവന്ത് റെഡ്ഡിയാണ് മുന്നിലുളളത്. നാലു റൗണ്ട് എണ്ണി കഴിഞ്ഞപ്പോൾ കോൺ​ഗ്രസ് സ്ഥാനാർത്ഥി രേവന്ത് റെഡ്ഡിയെക്കാളും ബി.ജെ.പി സ്ഥാനാർത്ഥി കെ.വി.ആറിനെക്കാളും കെ.സി.ആർ ബ​ഹുദൂരം പിന്നിലാണ്. രേവന്ത് റെഡ്ഡിയ്ക്ക് 13565 വോട്ടും കെ.വി.ആറിനു 11271 വോട്ടും കെ.സി.ആറിനു 10777 വോട്ടുമാണ് കിട്ടിയത്.

സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും ബി.ആര്‍.എസ് ആണ് അധികാരത്തിലെത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയുമായി. എന്നാല്‍ ഇത്തവണ ഭരണവിരുദ്ധ വികാരമാണ് തെലങ്കാനയിൽ ആ‍ഞ്ഞടിച്ചത്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News