തെലങ്കാനയിൽ രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞ നാളെ; ധാരണയാകാതെ ഉപമുഖ്യമന്ത്രിപദം

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത തനിക്ക് ഏക ഉപമുഖ്യന്ത്രി സ്ഥാനമെങ്കിലും വേണമെന്ന നിലപാടില്‍ ഭട്ടി വിക്രമാർക്ക ഉറച്ചു നില്‍ക്കുകയാണ്

Update: 2023-12-06 01:00 GMT
Editor : Lissy P | By : Web Desk
Advertising

ഹൈദരാബാദ്: തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി നാളെ സത്യ പ്രതിജ്ഞ ചെയ്യും. അഞ്ചോ ആറോ മന്ത്രിമാരാകും ആദ്യ ഘട്ടത്തില്‍ രേവന്ത് റെഡ്ഡിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക. ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച് ധാരണയായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത തനിക്ക് ഏക ഉപമുഖ്യന്ത്രി സ്ഥാനമെങ്കിലും വേണമെന്ന നിലപാടില്‍ ഭട്ടി വിക്രമാർക്ക ഉറച്ചു നില്‍ക്കുകയാണ്.

വനിതാ ഉപമുഖ്യന്ത്രി കൂടി വേണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. 119ല്‍ 64 സീറ്റു നേടിയാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. കെ.സി.വേണുഗോപാലാണ് രേവന്ത് റെഡ്ഡിയുടെ മുഖ്യമന്ത്രിയാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.  തെലങ്കാനയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കുമെന്നും ഇതിനായി കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. തെലങ്കാനയിലെ വിജയത്തിനായി പ്രവർത്തിച്ച നിരീക്ഷകർക്കും നേതാക്കൾക്കും കോൺഗ്രസ് നേതൃത്വം നന്ദി പറഞ്ഞു.തെലങ്കാനയിലെ കോൺഗ്രസിന്‍റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ച രേവന്ത് റെഡ്ഡി നിലവിൽ തെലങ്കാന പി.സി.സി അധ്യക്ഷനാണ്.

രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുന്നതില്‍ ഒരു വിഭാഗം നേതാക്കൾ എ.ഐ.സി.സി നിരീക്ഷകരെ എതിർപ്പ് അറിയിച്ചിരുന്നു. തെലങ്കാനയിലെ ഭൂരിഭാഗം എം.എല്‍.എമാരും രേവന്ത റെഡ്ഡി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമാണ് എ.ഐ.സി.സി നിരീക്ഷകരെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ നിയമസഭയിലെ കക്ഷി നേതാവ് ഭട്ടി വിക്രമാർക്ക, മുന്‍ പി.സി.സി അധ്യക്ഷന്‍ ഉത്തംകുമാർ തുടങ്ങി ഏതാനും മുതിർന്ന് നേതാക്കള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നു. ഇതിനെ മറികടന്നാണ് തെലങ്കാനയുടെ തലപ്പത്ത് രേവന്ത് റെഡ്ഡി എത്തിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News