മുസ്‍ലിംകളെ തെരഞ്ഞുപിടിച്ചുള്ള കൊല,ചേതൻ സിങ്ങിന് മാനസിക പ്രശ്നങ്ങളില്ല; ട്രെയിൻ കൂട്ടക്കൊലക്കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

ജൂലൈ 31നാണ് എ.എസ്.ഐയെയും മറ്റ് മൂന്ന് യാത്രക്കാരെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തിയത്

Update: 2023-10-21 06:51 GMT
Editor : Jaisy Thomas | By : Web Desk

ചേതന്‍ സിങ്

Advertising

ഡല്‍ഹി: ജയ്പൂർ-മുംബൈ ട്രെയിൻ കൂട്ടക്കൊലക്കേസിൽ റെയിൽവേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുസ്‍ലിംകളെ തെരഞ്ഞുപിടിച്ചുള്ള കൊലയാണെന്ന് കുറ്റപത്രം. ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന് മാനസിക പ്രശ്നങ്ങളില്ല. കൊലയ്ക്ക് ശേഷം മുസ്‍ലിം വിരുദ്ധ വിദ്വേഷ പരാമർശങ്ങൾ  ഇയാൾ നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ജൂലൈ 31നാണ് എ.എസ്.ഐയെയും മറ്റ് മൂന്ന് യാത്രക്കാരെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തിയത്.

ജൂലൈ 31നു പുലർച്ചെ മഹാരാഷ്ട്രയിലെ പാൽഗഢ് റെയിൽവേ സ്റ്റേഷനു സമീപത്താണു രാജ്യത്തെ നടുക്കിയ ട്രെയിൻ വെടിവയ്പ്പ് നടന്നത്. പുലർച്ചെ അഞ്ചോടെ വാപി റെയിൽവേ സ്റ്റേഷൻ വിട്ട സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് വൈതർണ സ്റ്റേഷനോട് അടുക്കുമ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ ടിക്കാറാം മീണയെയാണ് സർവീസ് തോക്ക് ഉപയോഗിച്ച് ചേതൻ സിങ് ആദ്യം വെടിവച്ചത്.പിന്നാലെ ബോഗിയിലുണ്ടായിരുന്ന അസ്ഗർ അബ്ബാസ് അലി, അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ, സയ്യിദ് സൈഫുദ്ദീൻ എന്നീ യാത്രക്കാർക്കുനേരെയും നിറയൊഴിച്ചു. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്‌തോളണമെന്ന് മൃതദേഹങ്ങൾക്ക് അരികിൽനിന്ന് ചേതൻ സിങ് വിളിച്ചുപറയുന്ന വിഡിയോയും പുറത്തുവന്നിരുന്നു.

അതിനിടെ ചേതൻ സിങ്ങിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ചേതൻ സിങ് നേരത്തെ മൂന്നു തവണയെങ്കിലും ഗുരുതര അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്നും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News