അവിവാഹിതർക്ക് മാസം 2,750 രൂപ; പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന
ഹരിയാനയിൽ 45നും 60നും ഇടയിൽ പ്രായമുള്ള 65,000ത്തോളം അവിവാഹിതരുണ്ടെന്നാണ് കണക്ക്
ചണ്ഡിഗഢ്: അവിവാഹിതർക്ക് പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന. മാസം 2,750 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. 45നും 60നും ഇടയിൽ പ്രായമുള്ളവർക്കാണ് പെൻഷൻ ലഭിക്കുക.
ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ ആണ് പെൻഷൻ പ്രഖ്യാപനം നടത്തിയത്. 1.8 ലക്ഷത്തിൽ കുറഞ്ഞ വാർഷിക വരുമാനമുള്ള അവിവാഹിതർക്കാണ് വാഗ്ദാനമുള്ളത്. 45നും 60നും ഇടയിലുള്ള വിധവകൾക്കും ഇതേ പെൻഷൻ ലഭിക്കും. മൂന്ന് ലക്ഷത്തിൽ കുറഞ്ഞ വാർഷിക വരുമാനമുള്ളവരാകണം വിധവകൾ.
പരിവാർ പെഹ്ച്ഛാൻ പത്ര(പി.പി.പി) പദ്ധതി പ്രകാരമാണ് പെൻഷൻ അനുവദിച്ചിരിക്കുന്നത്. ഇതിനായി 240 കോടി രൂപ അധികം വകയിരുത്തേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഹരിയാനയിൽ 45നും 60നും ഇടയിൽ പ്രായമുള്ള 65,000ത്തോളം അവിവാഹിതരുണ്ടെന്നാണ് കണക്ക്.
നേരത്തെ, ഹരിയാനയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഖട്ടാർ സർക്കാർ മൊബൈൽ അലവൻസ് പ്രഖ്യാപിച്ചിരുന്നു. മൊബൈൽഫോൺ റീചാർജ് ചെയ്യാനുള്ള ചെലവിലേക്കാണ് അലവൻസ് നൽകുന്നത്. കോൺസ്റ്റബിളുമാർക്കും ഹെഡ് കോൺസ്റ്റബിളുമാർക്കും 200ഉം അസിസ്റ്റന്റ് എസ്.ഐമാർക്ക് 250ഉം രൂപയാണ് നൽകുന്നത്. എസ്.ഐമാർക്ക് 300ഉം ഇൻസ്‌പെക്ടർമാർക്ക് 400ഉം രൂപ ലഭിക്കും.
Summary: Haryana announces Rs 2,750 monthly pension for unmarried people