മതം മാറ്റാനായി ആമസോണ്‍ പണം നല്‍കുന്നു; ആരോപണങ്ങളുമായി ആര്‍.എസ്.എസ് പ്രസിദ്ധീകരണം

വടക്കുകിഴക്കൻ മേഖലയിലെ മതപരിവർത്തനത്തിന് ആമസോൺ ധനസഹായം നൽകുന്നുവെന്നാണ് 'അമേസിംഗ് ക്രോസ് കണക്ഷന്‍' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് ആരോപണം

Update: 2022-11-16 07:18 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ 'ഓര്‍ഗനൈസര്‍'. രാജ്യത്തിന്‍റെ വടക്കുകിഴക്കൻ മേഖലയിലെ മതപരിവർത്തനത്തിന് ആമസോൺ ധനസഹായം നൽകുന്നുവെന്നാണ് 'അമേസിംഗ് ക്രോസ് കണക്ഷന്‍' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലെ ആരോപണം.

'അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച്' എന്ന സംഘടനയുമായി ആമസോണിന് സാമ്പത്തിക ബന്ധമുണ്ടെന്നും ഈ മേഖലയിൽ ഒരു "പരിവർത്തന മൊഡ്യൂൾ" നടത്തുന്നുണ്ടെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങൾ ആമസോൺ നിഷേധിച്ചു. അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് ഇന്ത്യയില്‍ ഓള്‍ ഇന്ത്യ മിഷന്‍ (എ ഐ എം) എന്ന പേരില്‍ ഉപസംഘടനയുണ്ട്. ഈ സംഘടന വഴി 25,000 പേരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്തു. ഇതുസംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ലേഖനത്തില്‍ ആരോപണമുണ്ട്.

ഒരു ഇന്ത്യക്കാരന്‍റെ ഓരോ പർച്ചേസിനും പണം സംഭാവന ചെയ്തുകൊണ്ട് ആമസോൺ ഓൾ ഇന്ത്യ മിഷന്റെ കൺവേർഷൻ മോഡ്യൂൾ സ്പോൺസർ ചെയ്യുന്നതായി ആമസോൺ സ്‌മൈൽ ലോഗോയ്‌ക്കൊപ്പം ആമസോണിലൂടെയുള്ള എഐഎമ്മിന്‍റെ ഫണ്ടിങ് അപ്പീൽ ട്വിറ്റർ പോസ്റ്റ് ചൂണ്ടിക്കാട്ടി മാഗസിൻ പറയുന്നു. എന്നാല്‍ ആമസോണ്‍ ഇന്ത്യയ്ക്ക് ഓള്‍ ഇന്ത്യ മിഷനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ ആര്‍.എസ്.എസ് പിന്തുണയുള്ള പാഞ്ചജന്യ വാരിക ആമസോണിനെ "ഈസ്റ്റ് ഇന്ത്യ കമ്പനി 2.0" എന്ന് വിശേഷിപ്പിച്ചിരുന്നു. "പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യ പിടിച്ചടക്കാൻ വേണ്ടി ഈസ്റ്റ് ഇന്ത്യ കമ്പനി എന്തൊക്കെ ചെയ്തിരുന്നോ അതേ കാര്യങ്ങളാണ് ഇപ്പോൾ ആമസോൺ ചെയ്തുകൊണ്ടിരിക്കുന്നത്," എന്നായിരുന്നു വാരികയുടെ കവര്‍സ്റ്റോറിയിലെ പരാമര്‍ശം. ആദ്യം ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കുകയും പിന്നീട് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രീതി തന്നെയാണ് ആമസോണും പിന്തുടരുന്നതെന്നും ലേഖനത്തിൽ ആരോപിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News