എത്താന്‍ വൈകി; ട്രെയിൻ പിടിക്കാനായി യു.പി മന്ത്രിയുടെ കാർ റെയിൽവെ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചു കയറ്റി
ഭിന്നശേഷിക്കാർക്കുള്ള റാമ്പിലൂടെയാണ് കാർ ഓടിച്ചു കയറ്റിയത്
ലഖ്‌നൗ: റെയിൽവെ സ്റ്റേഷനിലെത്താൻ വൈകിയതിനാൽ പ്ലാറ്റ്‌ഫോമിലേക്ക് കാർ കയറ്റി ഉത്തർപ്രദേശ് മൃഗക്ഷേമ വകുപ്പ് മന്ത്രി ധരംപാൽ സിങ് സൈനി. ലഖ്‌നൗ റെയിൽവെ സ്റ്റേഷനിലേക്കാണ് മന്ത്രിയുടെ കാർ ഓടിച്ചു കയറ്റിയത്.
ലഖ്നൗവിൽ നിന്ന് ബറേലിയിലേക്കുള്ള ഹൗറ അമൃത്സർ എക്സ്പ്രസ് ട്രെയിനിലായിരുന്നു മന്ത്രിക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. ഭിന്നശേഷിക്കാർക്ക് വേണ്ടി നിർമ്മിച്ച റാമ്പിലൂടെയാണ് കാർ കയറ്റിയത്. കാറിൽ നിന്നിറങ്ങിയ ശേഷം മന്ത്രി എസ്‌കലേറ്ററിൽ കയറിപ്പോകുകയും ചെയ്തു.
അതേസമയം, കനത്ത മഴ പെയ്യുന്നതിനാലും റെയിൽവെ സ്‌റ്റേഷനിൽ എത്താൻ വൈകിയതിനാലുമാണ് കാർ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ മന്ത്രിക്ക് പ്ലാറ്റ്‌ഫോമിലേക്ക് നടന്നുപോകാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഇത്തരം നടപടിയെന്നും വിമർശനം ഉയർന്നിട്ടുണ്ട്.