സച്ചിൻ പൈലറ്റ് ഡൽഹിയിൽ; സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിൽ ഗെഹലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം.
ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനാണ് സച്ചിൻ എത്തിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ സംബന്ധിച്ച് തന്റെ നിലപാട് അദ്ദേഹം സോണിയയെ ധരിപ്പിക്കും. ഗെഹലോട്ടിനെ മാറ്റാൻ താൻ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ അദ്ദേഹം നേരത്തെ നിഷേധിച്ചിരുന്നു.
കേരളത്തിൽനിന്ന് മുതിർന്ന നേതാവ് എ.കെ ആന്റണിയേയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ ആന്റണി സോണിയാ ഗാന്ധിയുമായി ചർച്ച നടത്തും. രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിൽ ഗെഹലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം.
ഗെഹലോട്ടിന് പകരം കമൽനാഥ്, മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക് തുടങ്ങിയവരുടെ പേരാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ഭരണം തിരിച്ചുപിടിക്കാൻ സാധ്യതയുള്ളതിനാൽ ദേശീയ നേതൃത്വത്തിലേക്ക് വരാൻ താൽപര്യമില്ലെന്ന നിലപാടിലാണ് കമൽനാഥ്.