ചോദ്യപേപ്പർ ചോർച്ച: സ്വന്തം സർക്കാറിനെതിരെ പരിഹാസവുമായി സച്ചിൻ പൈലറ്റ്
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഒറ്റയാൾ പ്രചാരണത്തിന്റെ ആദ്യയോഗത്തിലായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ഒളിയമ്പെറിഞ്ഞത്
ജയ്പൂർ: രാജസ്ഥാനിലെ അധ്യാപക നിയമനചോദ്യപ്പേപ്പർ ചോർച്ചയിൽ സ്വന്തം പാർട്ടി സർക്കാറിനെതിരെ പരിഹാസവുമായി മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. സംഭവത്തിന്റെ സൂത്രധാരന്മാരെ മുഴുവൻ പിടികൂടി ശിക്ഷിക്കണമെന്നും ചോദ്യപ്പേപ്പർ ചോർച്ച യുവാക്കളുടെ ജോലിയെന്ന സ്വപ്‌നത്തെയാണ് മുറിപ്പെടുത്തിയതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സച്ചിൻ നടത്തുന്ന ഒറ്റയാൾ പ്രചാരണത്തിന്റെ ആദ്യയോഗത്തിലായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ഒളിയമ്പുമായെത്തിയത്. ജാട്ട് ആധിപത്യമുള്ള നാഗൗർ ജില്ലയിലെ പർബത്സറിലായിരുന്നു യോഗം നടന്നത്. നിരവധി കർഷകരും യുവാക്കളും യോഗത്തിൽ പങ്കെടുത്തിരിക്കുന്നു.
'ചോദ്യപേപ്പർ ചോർച്ചയുടെ പിന്നിലുള്ള ചെറിയ ഇടനിലക്കാരെയാണ് സർക്കാർ അറസ്റ്റു ചെയ്തത്. എന്നാൽ അതിന് പിന്നിൽ വൻകിടലോബി തന്നെയുണ്ട്. ഇവരെയെല്ലാവരും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മക്കളെ പഠിപ്പിക്കാനും അവർക്ക് പുസ്തകങ്ങൾ വാങ്ങാനും ഫീസ് നൽകാനുമെല്ലാം മാതാപിതാക്കൾ കഷ്ടപ്പെടുകയാണ്. യുവാക്കളുടെ ഭാവിയാണ് ഇത്തരം സംഭവങ്ങളിലൂടെ ഇല്ലാതാകുന്നതിൽ ഇതിൽ സംസ്ഥാനത്തെ എല്ലാവർക്കും ആശങ്കയുണ്ട്. യുവാക്കളിൽ ആത്മവിശ്വാസം വളർത്തുന്നതിനായി പേപ്പർ ചോർച്ച കേസുകളിൽ ഉൾപ്പെട്ട എല്ലാ വൻകിടക്കാർക്കെതിരെയും സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ച സംഭവങ്ങൾ കോൺഗ്രസ് സർക്കാർ കൈകാര്യം ചെയ്ത രീതിയെയും സച്ചിൻ ചോദ്യം ചെയ്തു. അതേസമയം, രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി സച്ചിൻ പൈലറ്റിന്റെ ഒറ്റയാൾ പ്രചാരണം കോൺഗ്രസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കിനിൽക്കെയാണ് സംസ്ഥാനത്തുടനീളം റാലി നടത്താൻ സച്ചിൻ പൈലറ്റ് തീരുമാനിച്ചത്. പൈലറ്റിന്റെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി ഹനുമാഗഡ്, ജുൻജുനു, പാലി, ജയ്പൂർ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച വരെ റാലികൾ നടക്കും.
ഭാരത് ജോഡോ യാത്രാ രാജസ്ഥാനിൽ വിജയകരമായി കടന്നുപോയിട്ടും നേതൃത്വ തർക്കം പരിഹരിക്കപ്പെട്ടിരുന്നില്ല. പാർട്ടിക്ക് മേൽ സമ്മർദ തന്ത്രമെന്ന നിലയ്ക്കാണ് പൈലറ്റ് തന്റെ സോളോ കാമ്പെയ്ൻ ആരംഭിക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പൈലറ്റുമായി അടുത്ത വൃത്തങ്ങൾ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.