തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒറ്റയാൾ പ്രചാരണവുമായി സച്ചിൻ പൈലറ്റ്; കോൺഗ്രസിന് പുതിയ തലവേദന
പ്രചാരണത്തിന് രാഹുൽ ഗാന്ധിയുടെ അംഗീകാരമുണ്ടെന്ന് അനുയായികൾ
ജയ്പൂർ: രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി സച്ചിൻ പൈലറ്റിന്റെ ഒറ്റയാൾ പ്രചാരണം കോൺഗ്രസിനെ ആശങ്കയിലാഴ്ത്തുന്നു. തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കിനിൽക്കെയാണ് സംസ്ഥാനത്തുടനീളം റാലി നടത്താൻ സച്ചിൻ പൈലറ്റ് തീരുമാനിച്ചത്. അടുത്തയാഴ്ച മുതൽ കർഷകരെയും യുവാക്കളെയും സച്ചിൻ പൈലറ്റ് പൊതുയോഗങ്ങളിൽ അഭിസംബോധന ചെയ്യും.
ഭാരത് ജോഡോ യാത്രാ രാജസ്ഥാനിൽ വിജയകരമായി കടന്നുപോയിട്ടും നേതൃത്വ തർക്കം പരിഹരിക്കപ്പെട്ടിരുന്നില്ല. പാർട്ടിക്ക് മേൽ സമ്മർദ തന്ത്രമെന്ന നിലയ്ക്കാണ് പൈലറ്റ് തന്റെ സോളോ കാമ്പെയ്ൻ ആരംഭിക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പൈലറ്റുമായി അടുത്ത വൃത്തങ്ങൾ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുണ്ടായ ആവേശം നിലനിർത്താനും തെരഞ്ഞെടുപ്പിന് മുമ്പ് അതേ ഊർജം ഒന്നുകൂടി വർധിപ്പിക്കാനും വേണ്ടിയാണ് സച്ചിൻ പൈലറ്റ് ഇത്തരമൊരു പ്രചാരണത്തിന് ഇറങ്ങുന്നതുമെന്നാണ് നൽകുന്ന വിശദീകരണം. അതേസമയം, തന്റെ രാഷ്ട്രീയ ഇമേജ് ഒന്നുകൂടി ഊട്ടിഉറപ്പിക്കുകയും സജീവമായി നിലനിൽക്കാനുമുള്ള ശ്രമമാണ് ഇതെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടസാര താഴെത്തട്ടിലുള്ള സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെ തന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ സമയം രാജസ്ഥാൻ രാഷ്ട്രീയത്തിൽ പ്രസക്തി നിലനിർത്തണമെന്നത് സച്ചിൻ പൈലറ്റ് കണക്കുകൂട്ടുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
എന്നാൽ പൈലറ്റിന്റെ പ്രചാരണത്തിന് രാഹുൽ ഗാന്ധിയുടെ അംഗീകാരമുണ്ടെന്നും അനുയായികൾ പറയുന്നു. എഐസിസിയുടെ അനുമതി വാങ്ങിയിട്ടില്ലെന്നുംഒരു സംസ്ഥാന നേതാവെന്ന നിലയിൽ ഇതിന്റെ ആവശ്യമില്ലെന്നും പൈലറ്റിന്റെ അനുയായികൾ പറയുന്നു.
അതേസമയം, മുഖ്യമന്ത്രി ഗെഹ്ലോട്ട് സച്ചിൻ പൈലറ്റിനെ രാജ്യദ്രേഹി എന്നുവിളിച്ചതിന്റെ ആഘാതം ഇപ്പോഴും കോൺഗ്രസിന് വിട്ടുമാറിയിട്ടില്ല. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗെഹ്ലോട്ട് സച്ചിൻ പൈലറ്റിനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ചത്.'രാജ്യദ്രോഹിക്ക് മുഖ്യമന്ത്രിയാകാൻ കഴിയില്ല. ഹൈക്കമാൻഡിന് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ കഴിയില്ല. അവൻ പാർട്ടിയെ ഒറ്റിക്കൊടുത്തു. വഞ്ചകനാണ്. 2020ൽ കോൺഗ്രസിനെതിരെ കലാപം നടത്തി സ്വന്തം സർക്കാരിനെ താഴെയിറക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചുവെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഗെഹ്ലോട്ട് ഉന്നയിച്ചത്.
സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജസ്ഥാനിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തടയുമെന്ന് ഗുർജാർ നേതാവ് വിജയ് സിംഗ് ബൈൻസ്‌ല മുന്നറിയിപ്പ് നൽകിയതും വാർത്തയായിരുന്നു.