കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം: രാഹുലിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാരുടെ മാർച്ച്
വിജയ് ചൗക്കിലേക്കുള്ള മാർച്ചിന് രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകിയത്.
ലഖിംപൂർ ഖേരിയിലെ കർഷക കൊലയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ മാർച്ച്. വിജയ് ചൗക്കിലേക്കുള്ള മാർച്ചിന് രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകിയത്. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ബഹളത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും തടസ്സപ്പെട്ടിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാർലമെന്‍റിലെ ഗാന്ധി പ്രതിമക്കു സമീപത്തു നിന്നാണ് മാര്‍ച്ച് തുടങ്ങിയത്- "ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടാണ്. കർഷകർക്കെതിരെ അതിക്രമം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കര്‍ഷക കൂട്ടക്കൊല കേസിലെ പ്രതി ആരുടെ മകനാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രതിരോധം മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ കുറ്റക്കാരനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും"- രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പരാമർശിച്ച് രാഹുല്‍ പറഞ്ഞു.
ലഖിംപൂരിലെ കർഷക കൂട്ടക്കൊല ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് അജയ് മിശ്രയുടെ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദം ചെലുത്തിയത്. ഒക്‌ടോബർ മൂന്നിനാണ് ലഖിംപൂർ ഖേരിയിൽ കേന്ദ്രമന്ത്രിയുടെ മകൻ അജയ് മിശ്രയുടെ കാറിടിച്ച് നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവർത്തകരും ഡ്രൈവറും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു.
ലഖിംപൂര്‍ ഖേരി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിച്ചു- "നിരപരാധികളായ കർഷകരെ കൊലപ്പെടുത്തിയ കേസിന്റെ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ഉറപ്പാക്കാൻ, പ്രതിയുടെ പിതാവിനെ ഉടന്‍ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണം" എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
12 എംപിമാരുടെ സസ്പെന്‍ഷന്‍ റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വര്‍ഷകാല സമ്മേളനത്തില്‍ പെഗാസസ് വിഷയത്തിലുണ്ടായ ബഹളത്തിന്‍റെ പേരിലാണ് പ്രതിപക്ഷ എംപിമാരെ ശീതകാല സമ്മേളനത്തില്‍ നിന്ന് പുറത്താക്കിയത്.
Delhi: Opposition MPs in Lok Sabha and Rajya Sabha marched from Gandhi statue in Parliament to Vijay Chowk, demanding suspension of MoS Home Ajay Mishra Teni over Lakhimpur Kheri matter pic.twitter.com/0PEkkn2JZe
— ANI (@ANI) December 21, 2021