നീറ്റ് പരീക്ഷ തിയതിയില്‍ മാറ്റമില്ല;മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ചുരുക്കം ചില വിദ്യാർഥികൾക്കായി പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു

Update: 2022-05-13 07:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: നീറ്റ് പി.ജി മെഡിക്കൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ നിശ്ചയിച്ച തിയതിയിൽ നടക്കും. ചുരുക്കം ചില വിദ്യാർഥികൾക്കായി പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

രണ്ട് ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷക്കായി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ ഭാവിയും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.പരീക്ഷ മാറ്റിവയ്ക്കുന്നത് വിദ്യാർഥികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കും. കോടതി അത്തരം ഒരു തീരുമാനത്തിലേക്കെത്തിയാൽ ആശുപത്രികളിൽ ഡോക്ടർമാരുടെ അഭാവം ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. പരീക്ഷ മാറ്റിവയ്ക്കരുതെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഇന്ന് ആവശ്യപ്പെട്ടത്. നിലവിൽ രണ്ട് സെറ്റ് പിജി ഡോക്ടർമാരുടെ കുറവ് ആശുപത്രികളിൽ ഉണ്ടെന്നും ഇത് രോഗികളുടെ പരിചരണത്തെ ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഈ വാദം കൂടി കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. പരീക്ഷ മുൻനിശ്ചയിച്ച പ്രകാരം ഈ മാസം 21ന് തന്നെ നടക്കും.

കൗണ്‍സിലിങ് വൈകിയതിനാൽ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്നുമായിരുന്നു മെഡിക്കൽ സ്റ്റുഡൻസ് അസോസിയേഷന്‍റെ ആവശ്യം. 2021ലെ നീറ്റ് പിജി പരീക്ഷ അഞ്ച് മാസം വൈകി ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം. പരീക്ഷ വൈകിയതിനെ തുടർന്ന് കൗൺസിലിങ് ആരംഭിച്ചത് ഒക്ടോബറിൽ. എന്നാൽ സംവരണവുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നതിനാൽ കൗൺസിലിങ് താൽക്കാലികമായി സുപ്രീംകോടതി നിർത്തിവെച്ചു. പിന്നീട് ജനുവരിയിലാണ് കൗൺസിലിങ് പുനരാരംഭിക്കാനായത്. മെയ് ഏഴിനാണ് കൗൺസിലിങ് പൂർത്തിയായത് അതുകൊണ്ട് പരീക്ഷക്കുള്ള പഠനത്തിനായി ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നതാണ് വിദ്യാർഥികളുടെ പരാതി. മാത്രമല്ല കോവിഡ് ഡ്യൂട്ടിക്കുണ്ടായിരുന്ന പല വിദ്യാർഥികൾക്കും ഇന്‍റേണ്‍ഷിപ്പ് പൂർത്തിയാക്കാനായിട്ടില്ല.പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു. ഐ.എം.എയും സമാന ആവശ്യവുമായി രംഗത്തുണ്ട്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News