കൊല്‍ക്കത്ത സംഘർഷം; ബി.ജെ.പിക്കാർ പൊലീസ് ജീപ്പ് കത്തിക്കുന്ന ദൃശ്യം പുറത്ത്

ബി.ജെ.പി കൊടിയേന്തിയ പ്രവർത്തകരാണ് വാഹനത്തിന് തീവയ്ക്കുന്നത്.

Update: 2022-09-14 06:48 GMT
Advertising

കൊല്‍ക്കത്തയിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സമരക്കാർ പൊലീസ് ജീപ്പിന് തീ വയ്ക്കുന്ന ദൃശ്യം പുറത്ത്. വാഹനത്തിന്റെ ചില്ലുകൾ തകർക്കുന്നതും പെട്രോൾ ഒഴിച്ച് തീ വയ്ക്കുന്നതും ദൃശ്യത്തിൽ കാണാം.

ജീപ്പ് കത്തിച്ചത് പ്രവർത്തകരല്ലെന്ന് ബി.ജെ.പി വാദമാണ് ഇതോടെ പൊളിയുന്നത്. ഇന്നലെ സെക്രട്ടറിയറ്റിലേക്ക് നടത്തിയ ബി.ജെ.പി മാർച്ചിലാണ് സംഘർഷമുണ്ടായത്. ഈ മാർച്ച് വിവിധയിടങ്ങളിൽ പൊലീസ് തടഞ്ഞിരുന്നു. ഇതോടെയാണ് പൊലീസുകാർക്കു നേരെയും പൊലീസ് ജീപ്പുകൾക്ക് നേരെയും ബി.ജെ.പി പ്രവർത്തകർ അതിക്രമം നടത്തിയത്.

ബി.ജെ.പി കൊടിയേന്തിയ പ്രവർത്തകരാണ് വാഹനത്തിന് തീവയ്ക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം മുന്നോട്ടുപോവുന്നതിനിടെയാണ് സമരക്കാർ പൊലീസ് ജീപ്പിന് തീയിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്.

പ്രതിഷേധത്തിനിടെ പൊലീസ് അസിസ്റ്റന്റ് കമ്മീഷണറെ ബിജെപി പ്രവർത്തകർ ക്രൂരമായി മർദിച്ചിരുന്നു. ബി.ജെ.പി അതിക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ബാരിക്കെടുകൾ മറികടന്നായിരുന്നു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ഇവർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബി.ജെ.പി ബംഗാൾ അധ്യക്ഷൻ സുകന്ത മജുംദാർ, ലോക്കറ്റ് ചാറ്റർജി, താപ്സി മൊണ്ടൽ എന്നിവരെ കസ്റ്റഡിയിലെടുത്തു. ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പ്രവർത്തകർ കൊൽക്കത്തയുടെ മൂന്നിടങ്ങളിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് മാർച്ച് സംഘടിപ്പിച്ചിരുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News